മലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം, പ്രതികളായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും പ്രത്യേക കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കിയത്.
ശിക്ഷ ഉറപ്പാക്കാൻ സംശയം മാത്രം പോരാ എന്ന് വിധി പ്രസ്താവിച്ച പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രോസിക്യൂഷൻ തങ്ങളുടെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിനെതിരെ ഗുരുതരമായ പ്രശ്‍നം നടന്നിട്ടുണ്ടെന്നും എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് കുറ്റം വിധിക്കാൻ കഴിയില്ല എന്നും വിധിന്യായം വായിച്ചുകൊണ്ട് ജഡ്ജി ലഹോട്ടി പ്രസ്താവിച്ചു.
സ്ഫോടനത്തിൽ ഉപയോഗിച്ച എൽഎംഎൽ ഫ്രീഡം മോട്ടോർസൈക്കിൾ പ്രജ്ഞാ സിംഗ് താക്കൂറിന്റെ ഉടമസ്ഥതയിലാണെന്നതിനോ കേണൽ പുരോഹിത് ബോംബ് നിർമ്മിച്ചതിനോ വ്യക്തമായ തെളിവില്ലെന്ന് കോടതി വിലയിരുത്തി.
2008 സെപ്റ്റംബർ 29 ന് റംസാൻ മാസത്തിൽ മുസ്ലീം ജനസംഖ്യ കൂടുതലുള്ള പട്ടണമായ മാലേഗാവിൽ മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലേഗാവ് സ്‌ഫോടന കേസ് എന്നറിയപ്പെട്ട ഈ കേസ് വർഷങ്ങളായി വ്യാപകമായ രാഷ്ട്രീയ, പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു.
പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ ഒരു തെളിവുമില്ല. അവർ ഒരു ഗൂഢാലോചനയിലും പങ്കെടുത്തിരുന്നില്ല, സ്ഫോടകവസ്തു സ്ഥാപിച്ചപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് അവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, പക്ഷേ അവർ അത് ഉപയോഗിച്ചിരുന്നതിന് തെളിവുകളൊന്നുമില്ല. ഉടമസ്ഥാവകാശം ഉണ്ടെന്നു കരുതി കേസിൽ പങ്കുണ്ടെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല. കുറ്റകൃത്യം നടപ്പിലാക്കുന്നതിൽ അവർ എന്തെങ്കിലും പിന്തുണയോ സഹായമോ നൽകിയിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
ആവശ്യമായ തെളിവുകളില്ലാതെ അവർ ഒമ്പത് വർഷം ജയിലിൽ കിടന്നു, ഇത് നീതി നടപ്പാക്കുന്നതിലെ ഗുരുതരമായ പിഴവിന് തുല്യമാണ്. എൻഐഎ, അനുബന്ധ കുറ്റപത്രത്തിൽ, അവരുടെ പങ്ക് സ്ഥാപിക്കുന്നതിന് പുതിയതോ ബോധ്യപ്പെടുത്തുന്നതോ ആയ തെളിവുകൾ ഹാജരാക്കുന്നതിലും പരാജയപ്പെട്ടു. പ്രജ്ഞാ സിംഗ് താക്കൂറിന്റെ പ്രസ്താവനകൾ, രാഷ്ട്രീയമായി വിവാദപരമായവ ഉൾപ്പെടെ, ഒരു ഗൂഢാലോചനയിലും അവരെ പ്രതിക്കൂട്ടിലാക്കാൻ ഉപയോഗിക്കാനാവില്ല. മറ്റ് ഭൗതിക തെളിവുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കാത്ത പക്ഷം, MCOCA പ്രകാരമുള്ള കുറ്റസമ്മത പ്രസ്താവനകൾ ശിക്ഷിക്കപ്പെടുന്നതിനുള്ള ഏക അടിസ്ഥാനമായി സ്വീകാര്യമല്ല.
ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ പെടുന്നു എന്നതുകൊണ്ട് മാത്രം ഒരു പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. രാഷ്ട്രീയ വീക്ഷണത്തെക്കാൾ നിയമവാഴ്ചയാണ് നിലനിൽക്കേണ്ടത്. മൊഴി രേഖപ്പെടുത്തുന്നതിലെ കാലതാമസം, നടപടിക്രമങ്ങളിലെ വീഴ്ചകൾ, പ്രോസിക്യൂഷൻ സാക്ഷികളിലെ വൈരുദ്ധ്യങ്ങൾ എന്നിവ കേസിന്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു.അന്വേഷണം നീതിയുക്തവും നിഷ്പക്ഷവുമായ രീതിയിൽ നടന്നിട്ടില്ലെന്ന് വ്യക്തമാണെന്നും ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷൻ നടപടികളിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നുവെന്നും കോടതി പറഞ്ഞു.