അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തരം വാർത്തകളുടെ സത്യാവസ്ഥ തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മനുഷ്യർക്കിടയിൽ, മനുഷ്യരെപ്പോലെ ജീവിക്കുന്ന അന്യഗ്രഹജീവികളുണ്ടെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഹ്യൂമൻ ഫ്ളൂറിഷിംഗ് പ്രോഗ്രാമിന്റെ പഠനത്തിലാണ് ഇത്തരത്തിലുള്ള നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്.
അന്യഗ്രഹജീവികളെക്കുറിച്ച് ആരും അമ്പരക്കുന്ന ചില സാധ്യതകൾ ഗവേഷകർ വ്യക്തമാക്കുന്നു. ഭൂമിക്കടിയിൽ അല്ലെങ്കിൽ ചന്ദ്രനുള്ളിലെ ഒരു അടിത്തറയിൽ കഴിയുന്നുണ്ടെന്ന സാധ്യതയാണ് അവർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഹാർവാർഡ് സർവകലാശാലയിലെ ടിം ലോമാസും ബ്രണ്ടൻ കേസും മൊണ്ടാന സർവകലാശാലയിലെ മൈക്കൽ പോളുമാണു ഗവേഷകസംഘത്തിലെ പ്രമുഖർ.
അന്യഗ്രഹജീവികൾ അല്ലെങ്കിൽ അൺ ഐഡന്‍റിഫൈഡ് അനോമലസ് ഫിനോമെന (യുഎപി) ഭൂമിയിൽ മറഞ്ഞിരിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തുറന്ന അന്വേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണു പഠനം ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. “ക്രിപ്റ്റോ ടെറസ്‌ട്രിയൽസ്’ എന്ന് വിളിക്കപ്പെടുന്ന ഒരുതരം ജീവന്റെ നിലനിൽപ്പുസാധ്യതയെക്കുറിച്ചും ഗവേഷകർ പഠിക്കുന്നുണ്ട്. ക്രിപ്റ്റോ ടെറസ്ട്രിയലുകൾ കുറഞ്ഞത് നാലു രൂപങ്ങളിലെങ്കിലും ഉണ്ടാകുമെന്നുള്ള നിഗമനവും ഗവേഷകർ പങ്കുവയ്ക്കുന്നു.
ഹോമിനിഡുകൾ അല്ലെങ്കിൽ തെറോപോഡ് ക്രിപ്റ്റോ ടെറസ്‌ട്രിയൽസ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിണമിച്ച ഭൗമജീവികൾ ആയിരിക്കാമെന്നും ഒരു പക്ഷേ കുരങ്ങിനെപ്പോലെയുള്ള ഹോമിനിഡുകൾ അല്ലെങ്കിൽ ബുദ്ധിമാനായ ദിനോസറുകളുടെ പിൻഗാമികൾ ഇവരാകാമെന്നും പഠനം മുന്നോട്ടുവയ്ക്കുന്ന മറ്റു നിഗമനങ്ങളാണ്.
ഈ വാർത്ത പരക്കുമ്പോഴാണ് അടുത്തിടെ തമിഴ്നാട്ടിൽ അന്യഗ്രഹ ജീവിക്കായി ക്ഷേത്രം നിർമിച്ച വാർത്തയും ആളുകൾ ശ്രദ്ധിക്കുന്നത്. ‘സിദ്ധർ ഭകിയ’ എന്നറിയപ്പെടുന്ന ലോകനാഥനാണ് അന്യഗ്രഹജീവികൾക്കായി ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രനിർമാണത്തിനുമുമ്പ്, അന്യഗ്രഹദൈവുമായി സംസാരിച്ചെന്നും ഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുവാദം നൽകിയെന്നുമാണ് ഇയാളുടെ വാദം. സേലം ജില്ലയിലെ മല്ലമുപ്പട്ടി ഗ്രാമത്തിലാണ് ഈ വിവാദ ക്ഷേത്രം.