റഷ്യ – യുക്രൈൻ സമാധാനം മുൻനിർത്തി നടത്തി അലാസ്ക ചർച്ച അവസാനിച്ചു. കാര്യമായ പ്രതീക്ഷയ്ക്ക് വകയില്ലാതെയാണ് ചർച്ച അവസാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും തമ്മിൽ നടത്തിയ ചർച്ച മൂന്ന് മണിക്കൂർ നേരം നീണ്ടു നിന്നു. ചർച്ചയ്ക്ക് ശേഷം ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി. കൂടിക്കാഴ്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാൽ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചയിലുണ്ടായ പ്രധാന കാര്യങ്ങൾ സംബന്ധിച്ച് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി.
യുക്രൈൻ – റഷ്യ സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്ലാഡിമിർ പുടിനും വ്യക്തമാക്കി. യുക്രെയ്‌ൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്‌ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിർ സെലെൻസ്കി സർക്കാരാണ് അതിലൊന്ന് എന്ന പറഞ്ഞ പുടിൻ പരസ്യമായി സെലൻസ്കിക്കെതിരെ നിലപാട് സ്വീകരിക്കുന്ന കാഴ്ചയ്ക്കും അലാസ്ത സാക്ഷ്യം വഹിച്ചു. ആശാവഹമായ ചർച്ചകളാണ് നടക്കുന്നതെന്നും വരും ദിവസങ്ങളിൽ അതിന് കൃത്യമായ നീക്കങ്ങളുണ്ടാകുമെന്നും ഇരു രാഷ്ട്ര നേതാക്കളും പറഞ്ഞു. മാത്രമല്ല അടുത്തഘട്ട ചർച്ചകൾക്കായി ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടന്ന ചർച്ചയിൽ ഡോണൾഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡിമിർ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നേരത്തെ ഡോണൾഡ് ട്രംപും വ്ലാഡിമിർ പുട്ടിനും അടച്ചിട്ട മുറിയിൽ ഒറ്റയ്‌ക്ക് ചർച്ച നടത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുട്ടിനും തമ്മിലുള്ള ചർച്ച നടത്തിയത്. ആറ് വർഷത്തിന് ശേഷമാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽകൂടിക്കാഴ്ച നടക്കുന്നത്.
സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ അലാസ്കയിൽ ആദ്യമെത്തിയ ട്രംപ്, പുട്ടിന്റെ വരവിനായി കാത്തു. വ്യോമതാവളത്തിന്റെ ടാർമാക്കിൽ വച്ച് പുട്ടിനെ ട്രംപ് ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. തുടർന്ന് ചർച്ചാവേദിയിലേക്ക് ഇരുവരും ട്രംപിന്റെ കാറിലാണ് നീങ്ങിയത്. യുഎസിന്റെ ബി2, എഫ്22 യുദ്ധവിമാനങ്ങൾ പുടിനെ ആകാശാഭിവാദ്യം ചെയ്തു. ശീതയുദ്ധകാലത്ത് റഷ്യയെ ലക്ഷ്യമിട്ട് യു എസ് നിർമിച്ച വിമാനങ്ങളാണിവ എന്നത് ശ്രദ്ധേയമായി.
കൂടിക്കാഴ്ചയ്ക്ക് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ ക്ഷണിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. യുക്രെയ്നെക്കൂടി ഉൾപ്പെടുത്തിയുള്ള സമാധാനചർച്ചയിലേക്കുള്ള പാലമായി അലാസ്ക ഉച്ചകോടി മാറുമെന്ന് സെലെൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു. യുദ്ധം അവസാനിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകേണ്ടത് റഷ്യയാണ്. അമേരിക്കയിൽ വിശ്വാസമുണ്ടെന്നും സെലെൻസ്കി പറഞ്ഞു. സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി അലാസ്കയിൽ രണ്ടാമതൊരു ഉച്ചകോടി വൈകാതെ തന്നെ നടന്നു കാണാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രത്യേക തീരുമാനമൊന്നും ആകാത്ത സാഹചര്യത്തിൽ ഉടൻ തന്നെ സെലൻസ്കിയെ കൂടി ഉൾപ്പെടുത്തി ചർച്ചകളുണ്ടായേക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും.