ന്യൂഡൽഹി: ഇറക്കുമതി സംബന്ധിച്ച വിവാദങ്ങൾ നടക്കുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ സ്ഥിരീകരിച്ചു. കൃത്യമായ തീയതികൾ ഡോവൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഓഗസ്റ്റ് അവസാനത്തോടെ സന്ദർശനം നടക്കുമെന്ന് റഷ്യയുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദർശനം. അതുകൊണ്ടു തന്നെ പുടിന്റെ സന്ദർശനം ആഗോളതലത്തിൽ ചർച്ച ആയേക്കും.
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവിൽ ഒപ്പുവച്ചു. പുതിയ നടപടി ചില ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മൊത്തം താരിഫ് നിരക്ക് 50 ശതമാനമായി ഉയർത്തി.
വെള്ളിയാഴ്ചയോടെ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ സമ്മതിച്ചില്ലെങ്കിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ പുടിൻ ട്രംപിനെ കാണുമെന്ന് ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു.