ഡൽഹി : 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾപ്പെടുത്തുന്ന അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ എയർ ഇന്ത്യ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാപരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്നത് എന്നാണ് വിവരം.
പുനക്രമീകരണം ബാധിക്കുന്ന യാത്രക്കാര്‍ക്ക് പകരം സൗകര്യം ഒരുക്കുകയോ മുഴുവന്‍ പണവും തിരികെ നല്‍കുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍, വ്യോമാതിര്‍ത്തി കര്‍ഫ്യൂ, പശ്ചിമേഷ്യയിലെ സംഘര്‍ഷം, സാങ്കേതിക പ്രശ്നങ്ങള്‍, സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള യാത്ര എന്നിവ മുന്‍നിര്‍ത്തിയാണ് നടപടി, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.