ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് യുഎസ് മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് തള്ളി ഇന്ത്യ. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) റിപ്പോർട്ടിനെതിരേ വിമർശനവുമായി രംഗത്തുവന്നു. ഇപ്പോൾ പുറത്തുവന്നത് സ്ഥിരീകരണമില്ലാത്ത റിപ്പോർട്ട് ആണെന്ന് എഎഐബി പറഞ്ഞു. അപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ബ്യൂറോ അറിയിച്ചു.
“അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന ചില ഭാഗങ്ങൾ സ്ഥിരീകരിക്കാത്തതാണ്. നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവർത്തിച്ച് ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം നടപടികൾ നിരുത്തരവാദപരമാണ്. പ്രത്യേകിച്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ. അന്വേഷണത്തെ ദുർബലപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നു പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു. എഎഐബിയുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരും’ എഎഐബി പ്രസ്താവനയിൽ പറഞ്ഞു.
എയർ ഇന്ത്യ വിമാനം പറന്നുയർന്നതിനുശേഷം ക്യാപ്റ്റൻ സുമീത് സബർവാൾ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്തതായി ബ്ലാക്ക് ബോക്സ് റെക്കോർഡിംഗ് സൂചിപ്പിക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
വാൾ സ്ട്രീറ്റ് ജേണൽ പറയുന്നത്
വിമാനം പറത്തലിൽ 15,638 മണിക്കൂർ പരിചയമുള്ള 56കാരനായ സബർവാളും 3,403 മണിക്കൂർ പരിചയമുള്ള 32കാരനായ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറും ആയിരുന്നു അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റുമാർ. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ “റൺ’-ൽ നിന്ന് “കട്ട്ഓഫ്’-ലേക്ക് മാറ്റിയതെന്താണെന്ന പൈലറ്റുമാരുടെ സംഭാഷണം വോയിസ് റെക്കോർഡർ രേഖപ്പെടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ ഫസ്റ്റ് ഓഫീസർ പരിഭ്രാന്തനായെന്നും അതേസമയം ക്യാപ്റ്റൻ ശാന്തനായി കാണപ്പെട്ടെന്നുമാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ.
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചുകയറി തകരുകയായിരുന്നു. ദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും അപകടസ്ഥലത്ത് ഉണ്ടായിരുന്നവരും ഉൾപ്പെടെ 260 പേർ കൊല്ലപ്പെട്ടിരുന്നു.









