കൊച്ചി: രാജ്യത്തെ പ്രമുഖ എയർലൈൺ കമ്പനിയായ എയർ ഇന്ത്യ വിമാന യാത്ര ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ‘നമസ്തേ വേൾഡ്’ ടിക്കറ്റ് സെയിലിലാണ് ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ് ഈ ഓഫർ. ആഭ്യന്തര വിമാന ടിക്കറ്റുകൾ 1499 രൂപ മുതലും അന്താരാഷ്ട്ര റൗണ്ട് ട്രിപ്പ് വിമാന ടിക്കറ്റുകൾ 12,310 രൂപ മുതലും ഓഗസ്റ്റ് 15ന് രാത്രി 11:59 വരെ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും.
ഇത്തരത്തിൽ, 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. എയർ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, കസ്റ്റമർ സർവീസ് സെന്ററുകൾ വഴിയും അംഗീകൃത ട്രാവൽ ഏജന്റുമായ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഞായറാഴ്ച എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും മാത്രമാണ് ബുക്കിങ് നടക്കുക.
ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് അതാത് രാജ്യത്തെ കറൻസിക്ക് അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഉണ്ടാകില്ല. ‘FLYAI’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ 1,000 രൂപ വരെ ഇളവ് ലഭിക്കും. ‘VISAFLY’ എന്ന കോഡ് ഉപയോഗിച്ച് വിസ കാർഡ് ഉടമകൾക്ക് 2,500 രൂപ വരെ കിഴിവ് നേടാം.
വിസ കാർഡ് ഉപയോഗിക്കുന്നവർക്ക് യാത്രയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ട്. ആഭ്യന്തര യാത്രകൾക്ക് 250 രൂപ വരെയും റൗണ്ട് ട്രിപ്പുകൾക്ക് 500 രൂപ വരെയും ഇളവ് ലഭിക്കും. അന്തർദേശീയ യാത്രകൾക്ക് 1,500 രൂപ വരെയും റൗണ്ട് ട്രിപ്പുകൾക്ക് 2,500 രൂപ വരെയും കിഴിവ് ലഭിക്കും. യാത്ര കൂടുതൽ മികച്ചതാക്കാൻ, എയർ ഇന്ത്യ മറ്റു ചില ഓഫറുകളും യാത്രക്കാർക്കായി നൽകുന്നുണ്ട്. അധിക ലഗേജിന് 60 ശതമാനം വരെയും ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം വരെയും ഇളവുണ്ട്.