ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ സൈനികാഭ്യാസത്തിനൊരുങ്ങി വ്യോമസേന. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് സൈനികാഭ്യാസം. ബാർമർ, ജോധ്പുർ എന്നിവയുൾപ്പെടെ നിർണായക പ്രദേശങ്ങളിൽ വൻതോതിലുള്ള സൈനികാഭ്യാസം നടത്തുക. വ്യോമസേനയുടെ പതിവ് ഓപ്പറേഷണൽ റെഡിനസ് ഡ്രില്ലുകളുടെ ഭാഗമാണിത്. അതിർത്തിയിൽ ജാഗ്രത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പരിശീലനങ്ങൾക്കു പ്രധാന്യമുണ്ട്.
റഫാൽ, മിറാഷ് 2000, സുഖോയ്-30 തുടങ്ങിയ മുൻനിര ജെറ്റുകൾ ഉൾപ്പെടുന്ന പ്രധാന യുദ്ധവിമാന സ്ക്വാഡ്രണുകളുടെ പങ്കാളിത്തം അഭ്യാസത്തിൽ ഉൾപ്പെടും. നിർണായക വ്യോമ പ്രതിരോധ സംവിധാനങ്ങളും ഡ്രില്ലുകളുടെ ഭാഗമായി വിന്യസിക്കും. രാത്രികാല പ്രവർത്തനശേഷി വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
“രാജസ്ഥാനിലെ രാജ്യാന്തര അതിർത്തിക്കടുത്താണ് ഈ അഭ്യാസം നടക്കാൻ പോകുന്നത്, വ്യോമസേനയുടെ പതിവ് പ്രവർത്തന സന്നദ്ധത അഭ്യാസങ്ങളുടെ ഭാഗമാണിത്. സാധാരണ ഗതിയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ടോ മൂന്നോ കമാൻഡുകൾക്കിടയിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ബാർമർ, ജയ്സാൽമീർ, ബിക്കാനീർ, ശ്രീ ഗംഗാനഗർ തുടങ്ങിയ ജില്ലകളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ അഞ്ഞൂറോളം ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക്കിസ്ഥാൻ ആക്രമണങ്ങളെ തകർത്തു.