സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം. എ.ഐ.ജി പൂങ്കുഴലിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ കണ്ണൂര്‍ സ്വദേശി വി.പി. ബഷീര്‍ എന്നയാളാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരില്‍ വാര്‍ത്താസമ്മേളന ഹാളില്‍ പ്രവേശിച്ചതും പരാതിയുമായി പൊലീസ് മേധാവിയുടെ സമീപത്തെത്തുകയും ചെയ്തത്. ഇത് സുരക്ഷാവീഴ്ചയായാണ് പോലീസ് കാണുന്നത്. എ്ന്നാല്‍ ഇയാള്‍ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ചും അന്വേഷിക്കാന്‍ പുതിയ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇയാള്‍ പൊലീസ് ആസ്ഥാനത്ത് പ്രവേശിച്ചത് പെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ചാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. ഡി.ജി.പിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അകത്ത് പ്രവേശിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയാണ് വാര്‍ത്താസമ്മേളനം നടന്ന ഹാളിനുള്ളില്‍ ഇയാള്‍ എത്തുന്നത്.
നിലവില്‍ ഗള്‍ഫിലുള്ള ഇസ്മ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകനാണെന്നും കണ്ണൂര്‍ ഡി.ഐ.ജി ഓഫിസില്‍ എസ്.ഐയായി സേവനം ചെയ്തിട്ടുണ്ടെന്നും 2023ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതാണെന്നും ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഡിജിപിയെ കാണാനായി വിസിറ്റേഴ്‌സ് റൂമില്‍ കാത്തിരുന്നതാണെന്നും മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ കാക്കിയിട്ട ഒരാള്‍ തന്നെ പത്രസമ്മേളന ഹാളിലേക്ക് കടത്തിവിട്ടതാണെന്നും ഇയാള്‍ പറഞ്ഞു.