കോഡിംഗ് വേഗത്തിലാക്കാന്‍ ‘എഐ’ക്കു കഴിയുമോ എന്നതുമായി ബന്ധപ്പെട്ടു പുതിയ പഠനം അത്ഭുതകരമായ കണ്ടെത്തലുകളാണു നടത്തിയത്. മനുഷ്യന്റെ ധാരണകളെ തിരുത്തുന്നതായിരുന്നു പഠനറിപ്പോര്‍ട്ട്. കോഡിംഗ് പ്രക്രിയ വേഗത്തിലാക്കാന്‍ ‘എഐ’ക്കു കഴിയില്ലെന്നാണ് ആ കണ്ടെത്തല്‍! പരിചയസമ്പന്നരായ സോഫ്റ്റ്വെയര് ഡെവലപ്പര്‍മാര്‍ കോഡ് എഴുതാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (‘എഐ’) ടൂള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗവേഷണ ഗ്രൂപ്പായ എംഇടിആര് നടത്തിയ പഠനത്തില്‍, വ്യാപകമായി ഉപയോഗിക്കുന്ന ‘എഐ’- പവേഡ് കോഡിംഗ് അസിസ്റ്റന്റ് ആയ കഴ്സര്‍ ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാര്‍ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ 19 ശതമാനം കൂടുതല്‍ സമയമെടുക്കുന്നു. ശരാശരി അഞ്ചുവര്‍ഷത്തെ പരിചയമുള്ള പതിനാറ് ഡെവലപ്പര്‍മാരെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇവര്‍ ‘എഐ’സഹായത്തോടെയും അല്ലാതെയും സങ്കീര്‍ണമായ സോഫ്റ്റ്വെയര് പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഡെവലപ്പര്‍മാര്‍ പ്രധാനമായും ഉപയോഗിച്ചത് ജനപ്രിയ കോഡ് എഡിറ്ററായ കഴ്സര്‍ പ്രോയും ക്ലോഡ് 3.5/3.7 സോണറ്റുമാണ്.
ടാസ്ക് പൂര്‍ത്തിയാക്കുന്നതില്‍ ‘എഐ’ 24 ശതമാനം സമയം ലാഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. 20 ശതമാനം സമയം മാത്രമാണ് ‘എഐ’ക്കു കുറയ്ക്കാനായത്. ഡെവലപ്പര്‍മാര്‍ ‘എഐ’ ടൂള്‍സ് ഉപയോഗിക്കുമ്പോള്‍, അവ ഉപയോഗിക്കാത്തതിനേക്കാള് 19 ശതമാനം കൂടുതല്‍ സമയം എടുക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. അതായത് ‘എഐ’ ടൂള്‍സ് ഡവലപ്പര്‍മാരെ മന്ദഗതിയിലാക്കുന്നു എന്ന്..!
പഠനഫലങ്ങളെ സാമാന്യവത്കരിക്കരുതെന്ന് ഗവേഷകര്‍ അഭ്യര്‍ഥിച്ചു. ഒന്നാമതായി, ലാര്‍ജ് ലാംഗ്വേജ് മോഡലുകളില്‍ (എല്‍എല്‍എം) പരിചയസമ്പന്നരായ സോഫ്റ്റ്വെയര് എന്ജിനീയര്മാരില് ചെലുത്തുന്ന സ്വാധീനം മാത്രമാണ് പഠിച്ചത്. പരീക്ഷണഫലങ്ങളെ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെന്നും തങ്ങളുടെ വിശകലനങ്ങളിലുടനീളം വേഗത കുറയുന്നതായി തെളിഞ്ഞതായും ഗവേഷകര്‍ അവകാശപ്പെടുന്നു.
‘എഐ’യുടെ ദ്രുതഗതിയിലുള്ള പുരോഗതി, സമീപവര്‍ഷങ്ങളില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറിംഗ് ജോലികള്‍ ‘എഐ’ ഏജന്റുമാര്‍ക്ക് പൂര്‍ണമായും ഔട്ട്സോഴ്സ് ചെയ്യാന്‍ കഴിയുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. ‘എഐ’ ഉപയോഗിച്ചുള്ള കോഡിംഗ് കൂടുതല്‍ സമയമെടുക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നുണ്ടെങ്കിലും ‘എഐ’ കോഡിംഗ് മേഖലയില്‍ വന്‍ ഗവേഷണങ്ങളാണു നടക്കുന്നത്.









