നോയിഡ: ഗ്രേറ്റർ നോയിഡയിലെ ശാരദ സർവകലാശാലയിലെ രണ്ടാം വർഷ ഡെന്റൽ വിദ്യാർത്ഥിനി വെള്ളിയാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തു, രണ്ട് ഫാക്കൽറ്റി അംഗങ്ങൾക്കെതിരെ നിരന്തരമായ മാനസിക പീഡനം ആരോപിച്ച് ഒരു കുറിപ്പ് എഴുതി വെച്ചാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.നോളജ് പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യൂണിവേഴ്സിറ്റി കാമ്പസിലാണ് 20 കാരിയായ ബിഡിഎസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികളെന്ന് വിദ്യാർത്ഥിനി എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
“ഞാൻ മരിച്ചാൽ, പിസിപിയിലെയും ഡെന്റൽ മെറ്റീരിയലിലെയും അധ്യാപകരാണ് കുറ്റക്കാർ. അവരെ ജയിലിലടയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. എന്നെ അപമാനിച്ചു. അവർ കാരണം ഞാൻ വളരെക്കാലമായി മാനസിക സമ്മർദ്ദത്തിലാണ്”. എന്നാണ് ഡെന്റൽ ഫാക്കൽറ്റിയിലെ രണ്ട് ഇൻസ്ട്രക്ടർമാരുടെ പേരുകൾ പരാമർശിച്ചുകൊണ്ടാണ് വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് കാമ്പസിൽ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. ഫാക്കൽറ്റിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സർവകലാശാല ഉദ്യോഗസ്ഥർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ബിരുദ വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തി. പെൺകുട്ടികളുടെ ഹോസ്റ്റൽ ബ്ലോക്കിന് പുറത്ത് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി.
വിദ്യാർത്ഥിനിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. അന്വേഷണം നടന്നുവരികയാണ്.ഒഡീഷയിലെ ബാലസോറിൽ ലൈംഗികവും മാനസികവുമായ പീഡനം ആരോപിച്ച പ്രൊഫസർക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ഈ കേസിന് സമാനതകളുണ്ട്. ആ കേസിലും, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൗനവും അച്ചടക്ക നടപടി വൈകുന്നതും ദേശീയ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരുന്നു.
സർവകലാശാലകളും നിയന്ത്രണ സ്ഥാപനങ്ങളും ശക്തമായ മാനസികാരോഗ്യ സംരക്ഷണ നടപടികളും വിദ്യാർത്ഥി സംരക്ഷണ സംവിധാനങ്ങളും സ്വീകരിക്കുന്നതിലുള്ള വിരുദ്ധ നിലപാടുകളാണ് ഇക്കഴിഞ്ഞ രണ്ട് മരണങ്ങളും വെളിവാക്കുന്നത്. സർവകലാശാല ഇതുവരെ ഒരു പൊതു പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും, ഫാക്കൽറ്റി രേഖകളും ഹോസ്റ്റൽ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നു.
ഗൗതം ബുദ്ധ നഗർ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ശാരദ വിദ്യാർത്ഥിനിയുടെ മൃതദേഹം ഹോസ്റ്റൽ മുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇപ്പോൾ ഔദ്യോഗിക തെളിവുകളുടെ ഭാഗമാണ്. സഹ വിദ്യാർത്ഥികളിൽ നിന്നും ഫാക്കൽറ്റി അംഗങ്ങളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ മുതിർന്ന ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.
ഫോറൻസിക് റിപ്പോർട്ടിന്റെയും ഔദ്യോഗിക അന്വേഷണത്തിന്റെയും ഫലത്തിന് ശേഷം ക്രിമിനൽ കുറ്റങ്ങൾ എന്തെല്ലാമാണെന്ന് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശാരദ കേസ് ബാലസോർ സംഭവത്തിന്റെ ആഴം കൂട്ടുമെന്ന് അധികൃതർ ഭയപ്പെടുന്നുണ്ട്. അക്കാദമിക് സ്ഥാപനങ്ങൾക്കുള്ളിലെ ദുരുപയോഗം, അപമാനം, മാനസിക ക്ലേശം എന്നിവയെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിന് കർശനമായ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.തളർച്ചയിൽ കൈത്താങ്ങ് ആവേണ്ട അധ്യാപകരിൽ നിന്നും മാനസിക-ശാരീരിക പീഡനം ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണം ഏറിവരികയാണ്. വിദ്യാർഥികളെ പോലെ തന്നെ അധ്യാപക സമൂഹത്തിനും ബോധവത്ക്കരണം ആവശ്യമാണ്.