പൊരുതി നേടിയ വിവാഹമോചനം, പിന്നാലെ അര്‍ബുദം; ജീവിതം പറഞ്ഞ് ജുവല്‍ മേരി

ടെലിവിഷന്‍ അവതാരകയായി മലയാളികളുടെ മനംകവര്‍ന്ന താരമാണ് ജുവല്‍ മേരി. പിന്നീട് മമ്മൂട്ടിയുടെ നായികയായി ‘പത്തേമാരി’യിലൂടെ അഭിനയരംഗത്തും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും അതിനോടു എങ്ങനെ പൊരുതിയെന്നും വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ താരം.

പൊരുതി നേടിയ വിവാഹമോചനം

താന്‍ വിവാഹമോചനം നേടിയെന്ന് ജുവല്‍ മേരി വെളിപ്പെടുത്തി. ആദ്യമായാണ് താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. ധന്യ വര്‍മയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജുവലിന്റെ വെളിപ്പെടുത്തല്‍.

‘ ഞാന്‍ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയായി. 2021 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ലഭിച്ചു. ഒരുപാട് പോരാടിയാണ് അതിലേക്കെത്തിയത്. പലര്‍ക്കും അതൊരു കേക്ക് വാക്ക് (എളുപ്പം) ആയിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി വിജയിച്ചതാണ്. മൂന്ന് നാല് വര്‍ഷം ഇതിനായി പോരാടി. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ ഞാന്‍ കുറേ കാലം നടന്നു. പക്ഷേ നടന്നില്ല. ഒടുവില്‍ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹമോചനമാണ്. അതിനാല്‍ ഇതിനെ പോരാട്ടം എന്ന് തന്നെ പറയാം,’ ജുവല്‍ പറഞ്ഞു.

പ്രമുഖ ടെലിവിഷന്‍ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറായ ജെന്‍സണ്‍ സക്കറിയയായിരുന്നു ജുവലിന്റെ ജീവിതപങ്കാളി. 2015 ഏപ്രിലില്‍ ആണ് ഇരുവരും വിവാഹിതരായത്.

തൊട്ടുപിന്നാലെ കാന്‍സര്‍ !

വിവാഹമോചന ശേഷം ജീവതമൊന്നു ആസ്വദിക്കണം, സന്തോഷിക്കണം എന്നു കരുതിയിരിക്കുമ്പോഴാണ് കാന്‍സര്‍ തന്റെ ജീവിതത്തിലെ വില്ലനായി എത്തിയതെന്നും ജുവല്‍ പറയുന്നു. ‘ അങ്ങനെയിരിക്കെ ലണ്ടനില്‍ ഒരു ഷോയ്ക്കു പോയി. ഒരു മാസം അവിടെ കറങ്ങി. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും പോയി. ഒറ്റയ്ക്കുള്ള യാത്ര, നല്ല ഹരം പിടിപ്പിക്കുന്ന അനുഭവമായിരുന്നു. ലണ്ടനിലാണ് എന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കുന്നത്. കൈയിലുള്ള കാശൊക്കെ പൊട്ടിച്ചാണ് പിന്നീട് നാട്ടിലേക്ക് തിരിച്ചുവരുന്നത്. ഏഴ് വര്‍ഷമായി തൈറോയ്ഡ് പ്രശ്‌നം ഉണ്ടായിരുന്നു. പെട്ടന്ന് ശരീരഭാരത്തില്‍ വലിയ വ്യത്യാസം കാണിക്കാന്‍ തുടങ്ങി. കൂടെ ഇന്റേണല്‍ ട്രോമയും സ്ട്രസും പി.സി.ഒ.ഡിയുമൊക്കെ ഉണ്ട്. ഇതിനിടെ സാധാരണ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് പോയി. ചുമയ്ക്കുമ്പോള്‍ കഫം കുറച്ചധികം വരും. വേറെ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഒന്ന് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു,’

‘ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ അവര്‍ മാര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ചിലതൊക്കെ മനസിലായി. ബി.എസ്.സി നഴ്‌സിങ് പഠിച്ചയാളാണ് ഞാന്‍. എന്താണ് നടക്കുന്നതെന്ന് കണ്ടാല്‍ മനസിലാകും. അപ്പോഴേക്കും എന്റെ കാലൊക്കെ തണുക്കാന്‍ തുടങ്ങി. അവരുടെ മുഖവും മാറി. ബയോപ്‌സി എടുക്കണമെന്ന് അവര്‍ പറഞ്ഞു. എന്റെ കാല് അനങ്ങുന്നില്ല. ഞാന്‍ ഭൂമിയില്‍ ഉറഞ്ഞുപോയി. പേടികൊണ്ട് ബയോപ്‌സി വേണ്ട എന്നു ഞാന്‍ പറഞ്ഞു. അത് പറ്റില്ല, എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. കാന്‍സര്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സൂചന നല്‍കി. റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ജീവിതം സ്ലോ ആയിപ്പോയി. റിസള്‍ട്ട് വന്ന ശേഷം ഒന്നൂടെ ഉറപ്പിക്കണമെന്ന് പറഞ്ഞു. രണ്ടാമതും ബയോപ്‌സി എടുത്തു. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി. ഫെബ്രുവരിയില്‍ സര്‍ജറി ചെയ്തു. ഏഴ് മണിക്കൂര്‍ ആയിരുന്നു സര്‍ജറി. സര്‍ജറിക്കു ശേഷം ശബ്ദം മുഴുവന്‍ പോയി. ശബ്ദം തിരിച്ചുകിട്ടാന്‍ ആറ് മാസം എടുക്കുമെന്നാണ് പറഞ്ഞത്. ഇടത്തെ കൈ ദുര്‍ബലമായിപ്പോയി. പിന്നീട് ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു,’ നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *