പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമത്തിലൂടെ പാർട്ടി ഏരിയ – ലോക്കൽ കമ്മറ്റി അംഗങ്ങൾ ഉയർത്തിയ വിമർശനം ചർച്ച ചെയ്യാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ പി.ജെ ,ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം എൻ രാജീവ് എന്നിവരാണ് മന്ത്രി വീണ ക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയും ഇക്കാര്യം പരിശോധിക്കും. കോൺഗ്രസിന്റേത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള പ്രഹസനങ്ങളാണെന്നാണ് സി പി ഐ എം വിലയിരുത്തൽ. അതിനിടെ
പ്രതിപക്ഷത്തിൻ്റെ സമരത്തിന് ആയുധം നൽകുന്ന നിലപാടാണ് പാർട്ടി നേതാക്കൻമാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പൊതു അഭിപ്രായം. ഏരിയാ – ലോക്കൽ കമ്മറ്റി അംഗങ്ങളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ഗൗരവമായി പാർട്ടി പരിശോധിക്കുമെന്ന് പത്തനംത്തിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു.
ആരോഗ്യ മന്ത്രി വീണയ്ക്ക് എൽഡിഎഫ് സംരക്ഷണം കൊടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രിയ്ക്കെതിരായ വ്യാജ പ്രചരണത്തിനെതിരെ സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കും. ഈ മാസം 10 ന് പത്തനംതിട്ട ടൗൺ സ്ക്വയറിലാണ് വിശദീകരണ യോഗം.