കാന്താര ചിത്രീകരണത്തിനിടെ അപകടം, പിന്നണി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സിനിമ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കി. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതിരേഖകള്‍ എത്രയും പെട്ടന്ന് ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഹൊസനഗര തഹസില്‍ദാര്‍ രശ്മിയാണ് സിനിമാസംഘത്തിന് നോട്ടീസ് നല്‍കിയത്.
ശിവമോഗ ജില്ലയിലെ മണി ജലസംഭരണിയിലാണ് സിനിമാ ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന അപകടത്തില്‍ താരങ്ങളെല്ലാം രക്ഷപ്പെട്ടെങ്കിലും ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവര്‍ അന്ന് അപകടത്തില്‍ പെട്ടിരുന്നു
നാഗര്‍ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ അപകടം സംബന്ധിച്ച് സിനിമാസംഘത്തിനോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നു എന്നാല്‍, മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നിയമപരമായി കാര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകടവിവരങ്ങളും മൂന്നുദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാരുടെ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സിനിമയുടെ തുടര്‍ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടര്‍ച്ചയായി അപകടം നടന്നുകൊണ്ടിരിക്കയാണ്. മലയാളി യുവാവ് ഉള്‍പ്പെടെ രണ്ട് പേര്‍ ചിത്രീകരണത്തിനിടെ അപകടത്തില്‍പെട്ട് മരിച്ചിരുന്നു. മാത്രമല്ല ഷൂട്ടിങ് സംഘം സഞ്ചരിച്ച വാഹനമുള്‍പ്പെട നേരത്തെയും അപകടത്തില്‍ പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *