സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എ ബി വി പി. സംസ്ഥാനത്തുടനീളം നടക്കുന്ന സമരങ്ങള്‍ക്കെതിരേ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സമരമെന്ന് എബിവിപി വ്യക്തമായി.
പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെയ്ക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി പ്രസ്താവനയിലൂടെ അറിയിച്ചു.
ശനിയാഴ്ച രാത്രിയില്‍ തമ്പാനൂരില്‍ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം ഇതിന് ഉദാഹരണമാണ് . അന്‍പതോളം വരുന്ന പാര്‍ട്ടി ഗുണ്ടകള്‍ പോലീസിന് മുന്നില്‍ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ചുവിട്ടതെന്നും സംഘടന ആരോപിക്കുന്നു.
അക്രമത്തില്‍ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് ഇപ്പോഴും കേരള പോലീസ്. ഇതില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങള്‍ക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ആനുകൂല്യങ്ങള്‍ക്കും അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പി.എം. ശ്രീയില്‍ ഒപ്പുവെയ്ക്കും വരെ സമരം തുടരുമെന്നും സംഘടന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *