ഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ട് പ്രകാരം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം.
വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു . 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിശദമായ അന്വേഷണം വേണമെന്നും വ്യക്തമാക്കുന്നു.പൈലറ്റുമാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും പരിചയ സമ്പന്നർ ആയിരുന്നെന്നും റിപ്പോർട്ടിൽ ഉണ്ട്.
8,200 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ സുമീത് സബർവാളും 1,100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമാണ് ഡ്രീംലൈനർ പറത്തിയത്. ഇരുവരും ആരോഗ്യപരമായി ആരോഗ്യമുള്ളവരാണെന്നും, മതിയായ വിശ്രമവും പരിശീലനവും നേടിയവരാണെന്നും AAIB സ്ഥിരീകരിച്ചു.
എഞ്ചിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിനെത്തുടർന്ന് പൈലറ്റുമാർ അത് ഓൺ ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഒരു എഞ്ചിൻ ഭാഗികമായി മാത്രമാണ് പ്രവർത്തിച്ചത്.രണ്ടാമത്തെ എഞ്ചിൻ പൂർണ്ണമായും നിശ്ചലമായിരുന്നു. ഈ നിർണായക സംഭവങ്ങൾക്ക് ശേഷം 32 സെക്കൻഡിനുള്ളിൽ വിമാനം നിലംപതിക്കുകയായിരുന്നു.
സാങ്കേതിക തകരാർ കാരണം ഈ സ്വിച്ചുകൾ യാന്ത്രികമായി ഓഫ് ആകാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ, ആരാണ് ഈ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. അപകടം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്.
അട്ടിമറി സാധ്യത റിപ്പോർട്ട് തള്ളിക്കളഞ്ഞെങ്കിലും, ഇന്ധന നിയന്ത്രണ സ്വിച്ച് സംവിധാനത്തിലെ ഒരു പോരായ്മയെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നൽകിയ മുൻകൂർ ഉപദേശം ചൂണ്ടിക്കാട്ടി. ഏകദേശം 737 മോഡലുകളിൽ, ലോക്കിംഗ് സവിശേഷത വിച്ഛേദിച്ചാണ് സ്വിച്ചുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് എഫ്എഎ നിരീക്ഷിച്ചു.
ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
1980-കളിൽ ഡെൽറ്റ എയർ ലൈൻസ് ബോയിംഗ് 767 ഉൾപ്പെട്ട ഒരു സംഭവത്തെക്കുറിച്ചും റിപ്പോർട്ട് പരാമർശിച്ചു. വിമാനത്തിന്റെ എഞ്ചിനുകൾ പറക്കുന്നതിനിടയിൽ ഒരു പൈലറ്റ് അബദ്ധത്തിൽ ഓഫാക്കി. വിജയകരമായി പുനരാരംഭിക്കാൻ ആവശ്യമായ ഉയരം വിമാനത്തിനുണ്ടായിരുന്നതിനാൽ മാത്രമാണ് വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
2025 ജൂൺ 12 നാണ് എയർ ഇന്ത്യയുടെ അഹമ്മദാബാദ്–ലണ്ടൻ ഗാറ്റ്‌വിക് സർവീസ് നടത്താനിരുന്ന AI171 എന്ന ബോയിങ് 787-8 ഡ്രിംലൈൻർ വിമാനം, അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഉടനെ അപകടം സംഭവിച്ചത്. വിമാനം പറന്നുയർന്നതിന് പിന്നാലെ ഏകദേശം 825 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അതു അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. ഉച്ച കഴിഞ്ഞ് 1:38 ഓടെ അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.വിമാനത്തിൽ 232 യാത്രക്കാരും 10 ജീവനക്കാരുമായി മൊത്തം 242 പേർ ഉണ്ടായിരുന്നു. ഒരാൾ ഒഴികെ എല്ലാവരും അപകടത്തിൽ മരിച്ചു.
വിമാനം പതിച്ചപ്പോൾ ബി ജെ മെഡിക്കൽ കോളേജിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി നിർമിച്ചിരുന്ന ഹോസ്റ്റലിൽ തട്ടുകയും ഇതിൽ അഞ്ച് വിദ്യാർത്ഥികൾ മരിക്കുകയും, 40-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് ചർച്ചക്ക് വഴിതെളിക്കും എന്ന് തന്നെയാണ് കരുതുന്നത്.
