ഖദറിനെ തള്ളിപ്പറയാന്‍ തയ്യാറായ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ മഹാത്മാ ഗാന്ധിയേയും തള്ളിപ്പറയുമെന്ന് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജന്‍. ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോളെല്ലാം ഖാദി പ്രചരണത്തിന് ഊന്നല്‍ നല്‍കിയിരുന്നു. ഖദര്‍ പ്രചരണത്തിനുവേണ്ടി കേരളത്തിലും രാജ്യത്ത് ഉടനീളവും അദ്ദേഹം പര്യടനം നടത്തി. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ഖാദിയെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പി ജയരാജന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസില്‍ സംഭവച്ചുകൊണ്ടിരിക്കുന്ന അപചയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സ്വദേശി വസ്ത്ര പ്രസ്ഥാനം മഹാത്മാഗാന്ധി തുടങ്ങിയത് പരുത്തിയില്‍ നിന്നും നൂല്‍ നൂറ്റ് ആ നൂല്‍ ഉപയോഗിച്ച് തുണി ഉണ്ടാക്കുന്ന ആളുകളുടെ ഉന്നമനത്തിന്റെ ഭാഗമായാണ്. അന്ന് അത് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്കെതിരായ സമരം കൂടി ആയിരുന്നു ആ ചരിത്രത്തെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറായതെന്നും പി ജയരാജന്‍ പറയുന്നു.
കോണ്‍ഗ്രസ് അതിന്റെ ആദര്‍ശങ്ങളില്‍നിന്ന് പിന്നാക്കം പോയി. പഴയകാല മൂല്യങ്ങളില്‍നിന്ന് വ്യതിചലിച്ചു. ആ മൂല്യങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു എന്നതാണ് ഈ പ്രസ്താവന നമ്മെ ബോധ്യപ്പെടുത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു. ദേശീയതയുടെ സ്ഥാനവസ്ത്രവും പരിസ്ഥിതി സൗഹൃദവുമായ ഖാദി ധരിക്കേണ്ടതില്ലെന്ന് പറഞ്ഞാല്‍ അത് കോണ്‍ഗ്രസ് മുതലാളിത്ത മൂല്യങ്ങളുടെ പ്രചാരകരായി എന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖാദി പഴയതല്ല പുതിയതാണ് എന്നാണ് കേരളത്തിലെ ഖാദി ബോര്‍ഡ് മുന്നോട്ടുവെക്കുന്ന ആദര്‍ശം. കട്ടിതുണിയില്‍നിന്ന് നേരിയ തുണിയിലേക്ക് ഖാദി മാറി. നേരിയ വസ്ത്രങ്ങള്‍ മാത്രമല്ല ഡിസൈനര്‍ വസ്ത്രങ്ങളും ഉത്പാദിപ്പിച്ച് മുന്നോട്ട് പോകാന്‍ ഖാദി ശ്രമിക്കുകയാണ്. ഖാദി പ്രചാരണം പണ്ട് എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലേയും ഒരു അജണ്ടയായിരുന്നുവെങ്കില്‍ ഇന്ന് ഖാദി ഡിസൈന്‍ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാട്‌പോലും അവര്‍ എടുക്കുന്നില്ലെന്നും ഖാദിബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ പി ജയരാജന്‍ കുറ്റപ്പെടുത്തി.
രാജ്യം മൊത്തം പരിശോധിച്ചാല്‍ കേരളമാണ് ഖാദിക്ക് ഏറ്റവും പ്രോത്സാഹനം നല്‍കുന്നത്. 100 ദിവസം വിലക്കുറവില്‍ സംസ്ഥാനത്ത് ഖാദി വില്‍ക്കുന്നു സര്‍ക്കാര്‍ പിന്തുണയോടെയാണ് ഇത് സാധ്യമാകുന്നത്. ഡിസൈന്‍ വസ്ത്രങ്ങളിലൂടെ ഖാദി എന്ന മൂല്യത്തെ പുതിയ തലമുറയക്ക് പരിചയപ്പെുത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിലെ പുത്തന്‍ തലമുറ എടുക്കുന്ന നിലപാടിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പി ജയരാജന്‍ പറഞ്ഞു.