തിരുവനന്തപുരം: സിപിഎം സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ പ്രതികൂട്ടിലാക്കി കത്ത് ചോർച്ചാ വിവാദം. പിബിയ്ക്ക് പ്രമുഖ വ്യവസായി നൽകിയ പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം.എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് വീണ്ടും പരാതി നൽകി. എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്ന് പരാതിയി ആരോപിക്കുന്നു. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്.
പിബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി ദില്ലി ഹൈക്കോടതിയിൽ രേഖയായി എത്തിയതിൽ പാർട്ടി നേതൃത്വത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 2021 ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ദാവ്ളയ്ക്ക് പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയിരുന്നു. ഷർഷാദ് വീണ്ടും രംഗത്തെത്തിയതോടെ രാജേഷിനെ ഒഴിവാക്കേണ്ട നിലയിലേക്ക് നേതൃത്വത്തിന് പോകേണ്ടി വന്നു.
ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകനാണെന്ന് സംശയിക്കുന്നുവെന്നാണ് പുതിയ പരാതിയിൽ പറയുന്നത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. പിബിയ്ക്ക് നൽകിയ പരാതി ദില്ലി ഹൈക്കോടതിയിൽ മനനഷ്ടകേസിൽ രേഖയായതായും പരാതിയിൽ വ്യക്തമാക്കുന്നു.
ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം എ ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്.