തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നു. അതിശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മഴ കണക്കിലെടുത്ത് 5 ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകൾക്ക് യെല്ലോ അലർട്ടുണ്ട്. വയനാട്ടിലെ ചില സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്
വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കേരള തീരത്ത് 60 കിമി വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണുർ, കാസറഗോഡ് ജില്ലകളിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുകാനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കാനും നിർദ്ദേശമുണ്ട്.