ന്യൂഡൽഹി: ദിവസങ്ങൾക്ക് മുൻപ് കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം. കത്വയിലാണ് ഇത്തവണ മേഘവിസ്ഫോടനം ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ ഏഴ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകൾ ചികിത്സയിലും തുടരുന്നു. മരണപ്പെട്ടവരിൽ കൂടുതലും രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നാണ് വിവരം.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം അപകടത്തിന്റെ തോത് വർധിപ്പിക്കുകയായിരുന്നു. ഇത് രക്ഷപ്രവർത്തനത്തെയും സാരമായി ബാധിച്ചു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും വലിയ നാശനഷ്ടങ്ങളുണ്ടായതായും അധികൃതർ അറിയിച്ചു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്.
അതേസമയം, പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഹിമാചൽ പ്രദേശിലും മിന്നൽ പ്രളയമുണ്ടായി. കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. ഷിംല, ലാഹൗള്‍, സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ തകര്‍ന്നു. രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം 300 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. കര്‍പത് ഗ്രാമത്തില്‍ അപകടം ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താമസക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.