ആ മത്സരം ജയിപ്പിച്ചിട്ടും ടീമിൽ നിന്ന് പുറത്താക്കി, ധോണിക്കും പങ്ക്; വിമർശനവുമായി മുൻ താരം

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബോളിംഗ് ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു ഇർഫാൻ പഠാൻ. 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലടക്കം ഭാഗമായിരുന്ന ഇർഫാൻ അന്നത്തെ നായകൻ കൂടിയായ ധോണിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 2009ൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തിയെന്നും ഇതിൽ ധോണിക്കും പങ്കുണ്ടെന്നുമാണ് ഇർഫാൻ ആരോപിക്കുന്നത്. ഒരു ദേശിയ മാധ്യമത്തോടായിരുന്നു ഇർഫാന്റെ വെളിപ്പെടുത്തൽ. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും പിന്നാലെ നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ ഇർഫാന് സാധിച്ചിരുന്നില്ല. ഇതോടെയാണ് 2009 ൽ താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. ഇർഫാന്റെ പുതിയ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുകയാണ്. 

‘‘2009ൽ ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ്, ഞാനും എന്റെ സഹോദരനും ചേർന്ന് ശ്രീലങ്കയിൽ കളി ജയിപ്പിച്ചിരുന്നു. മറ്റാരെങ്കിലുമായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഒരു വര്‍ഷമെങ്കിലും അവർ ടീമിൽ ഉണ്ടാകുമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ 27–28 പന്തുകളിൽനിന്ന് 60 റൺസായിരുന്നു വേണ്ടിയിരുന്നത്. അവിടെ നിന്നാണു നമ്മൾ കളി ജയിച്ചത്. എന്നാൽ ന്യൂസീലൻഡിലെത്തിയപ്പോൾ നാലു കളികളിലും എന്നെ ഇറക്കിയില്ല.” ഇർഫാൻ പഠാൻ പറഞ്ഞു. 

ഈ സാഹചര്യത്തിൽ അന്ന് കോച്ചായിരുന്ന ഗാരി കിർസ്റ്റനെ താൻ സമീപിച്ചെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ചോളമെന്ന് അറിയിച്ചതായും ഇർഫാൻ പറയുന്നു. അന്ന് പരിശീലകൻ തന്നോട് രണ്ട് കാര്യങ്ങൾ പറഞ്ഞുവെന്നും ആദ്യത്തേത് ചില കാര്യങ്ങളിൽ പരിശീലകന് നിയന്ത്രമില്ലായെന്നതാണെന്നും ഇർഫാൻ വ്യക്തമാക്കി. “ആരാണു പിന്നെ കാര്യങ്ങൾ തീരുമാനിച്ചതെന്നു ഞാൻ ചോദിച്ചു. എന്നാൽ അദ്ദേഹം അതു പറഞ്ഞില്ല. എങ്കിലും എനിക്കു വ്യക്തമായി അറിയാമായിരുന്നു. പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നതു ക്യാപ്റ്റനാണ്. ധോണിയാണ് ആ സമയത്തെ ക്യാപ്റ്റൻ. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്നൊന്നും ഞാൻ പറയുന്നില്ല. കാരണം എല്ലാ ക്യാപ്റ്റൻമാർക്കും ‍ടീമുകളെ നയിക്കാൻ അവരുടേതായ രീതികളുണ്ടാകും.” അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു ബാറ്റിങ് ഓൾറൗണ്ടറെയായിരുന്നു ആ സമയത്ത് ടീമിന് ആവശ്യമെന്നതായിരുന്നു പരിശീലകൻ പറഞ്ഞ രണ്ടാമത്തെ കാരണമെന്നും ഇർഫാൻ പഠാൻ പറയുന്നു. സ്വാഭാവികമായും ബാറ്റിങ് ഓൾറൗണ്ടറായ തന്റെ സഹോദരൻ യൂസഫ് പഠാൻ ടീമിലെത്തിയതിനും കൂടുതൽ മത്സരങ്ങളിൽ കളിക്കുന്നതിനുമിടയായ സാഹചര്യമതാണെന്നും പഠാൻ. “ബോളിങ് ഓൾറൗണ്ടറായ ഞാൻ പുറത്തായി. ഇന്നത്തെ കാലത്തായിരുന്നെങ്കിൽ ഞങ്ങൾ രണ്ടു പേർക്കും ഒരുമിച്ചു കളിക്കാൻ സാധിക്കുമായിരുന്നു.’ ഇർഫാൻ പഠാൻ പ്രതീക്ഷ പങ്കുവെച്ചു. 

Leave a Reply

Your email address will not be published. Required fields are marked *