ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നടന്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് വൈകുന്നു. വിശ്രമം ആവശ്യമുള്ളതിനാലാണ് താരത്തിന്റെ വരവ് വൈകുന്നത്. ചികിത്സ പൂര്‍ണമായി അവസാനിച്ചെങ്കിലും അല്‍പ്പം കൂടി വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നിലവില്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണ്.
ശാരീരിക വ്യായാമത്തിനു പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടി വിശ്രമം തുടരുന്നത്. കുടുംബസമേതം ചെന്നൈയിലാണ് താരം ഇപ്പോള്‍. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയ്ക്കു വിധേയനായത്. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിക്കൊപ്പം ചെന്നൈയില്‍ ആയിരുന്നു. ചികിത്സ പൂര്‍ത്തിയായ ശേഷമാണ് ദുല്‍ഖര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്.
ഓഗസ്റ്റ് ആദ്യമോ പകുതിയോടെയോ മമ്മൂട്ടി കേരളത്തിലെത്തുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അല്‍പ്പം കൂടി വിശ്രമത്തിനു ശേഷം സെപ്റ്റംബര്‍ ആദ്യവാരത്തില്‍ താരം കേരളത്തിലെത്താനാണ് സാധ്യത. സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ്. താരത്തിന്റെ ജന്മദിനാഘോഷം കേരളത്തിലായിരിക്കുമെന്നും വിവരമുണ്ട്.
നാട്ടിലെത്തിയാല്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി ആദ്യം അഭിനയിക്കുക. നിലവില്‍ കശ്മീരിലാണ് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. അടുത്തത് കൊച്ചിയിലായിരിക്കും ഷെഡ്യൂള്‍. ഈ ഷെഡ്യൂളിലായിരിക്കും മമ്മൂട്ടി ജോയിന്‍ ചെയ്യുക. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ റിലീസ് തിയതി മമ്മൂട്ടി കേരളത്തിലെത്തിയ ശേഷം പ്രഖ്യാപിക്കും. ഒക്ടോബറില്‍ ആയിരിക്കും കളങ്കാവലിന്റെ റിലീസ്.
സിനിമയിലേക്ക് തിരിച്ചെത്തിയാലും ഇടവേളകളെടുത്ത് മാത്രമേ മമ്മൂട്ടി പ്രൊജക്ടുകള്‍ ചെയ്യൂ. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം ‘ഫാലിമി’ സംവിധായകന്‍ നിതീഷ് സഹദേവന്‍ ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷമുള്ള പ്രൊജക്ടുകളെ കുറിച്ച് നിലവില്‍ തീരുമാനമായിട്ടില്ല.
മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരിപുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍ പറഞ്ഞത് ഇങ്ങനെ, ‘അദ്ദേഹം ഇപ്പോള്‍ ഹാപ്പിയായി ഇരിക്കുന്നു. ബെറ്ററായി. പിന്നെ പുള്ളി ഹാപ്പിയാണ്. എന്താണ് സസ്‌പെന്‍സ് എന്ന് ആര്‍ക്കും അറിയില്ല. സെപ്റ്റംബര്‍ ഏഴിന് പിറന്നാളാണ്. അന്ന് ഒരു വരവ് വരുമെന്ന് വിശ്വസിക്കുന്നു. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളേയുള്ളു. അദ്ദേഹം റെസ്റ്റെടുത്താന്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളു,’ അഷ്‌കര്‍ പറഞ്ഞു.