അതിവേഗമാകാൻ ഡൽഹിയും: 11,000 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം ഇന്ന് 

ന്യൂഡൽഹി: ഡൽഹിയിലെ രണ്ട് പ്രധാനപ്പെട്ട് ഹൈവേ പദ്ധതികളായ അർബൻ എക്സ്റ്റൻഷൻ റോഡ്-II (UER-II)ഉം ഡൽഹി വിഭാ​ഗം ദ്വാരക എക്സ്പ്രസ് വേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഈ പാതകൾ തുറക്കുന്നതിലൂടെ ഡൽഹി നഗരത്തിലെ തിരക്കേറിയ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും സുഗമമായ യാത്ര സാധ്യമാകുകയും ചെയ്യും. ഏകദേശം 11,000 കോടി രൂപ ചെലവിലാണ് ഏറെ സുപ്രധാനമായ ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. 

നോയിഡയിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയ്ക്കാൻ പുതിയ പാതകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് ഇടനാഴികളും ജയ്പൂർ, ​ഗുർഗ്രാം എന്നിവിടങ്ങളിലേക്കുമുള്ള ​ഗതാ​ഗതവും സു​ഗമമാക്കും. “ദ്വാരക എക്സ്പ്രസ് വേയുടെ ഡൽഹി വിഭാഗവും അർബൻ എക്സ്റ്റൻഷൻ റോഡ്-II ഉം ഡൽഹിയിലെ സമഗ്രമായ ഗതാഗതക്കുരുക്ക് കുറയ്ക്കൽ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്.” ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ഡൽഹിയുടെ പുതിയ ഔട്ടർ റിംഗ് റോഡ് എന്ന് വിളിക്കപ്പെടുന്ന 76 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിയായ അർബൻ എക്സ്റ്റൻഷൻ റോഡ്-II വിമാനത്താവളത്തിന്റെ അടുത്തുള്ള അലിപൂരിൽ നിന്ന് മഹിപാൽപൂരിലേക്കാണ് പോകുന്നത്. ഏകദേശം 6,445 കോടി രൂപ ചെലവിൽ നിർമ്മിച്ച 4 മുതൽ 6 വരെ വരി പാതകളുള്ള ഈ ഹൈവേ മുണ്ട്ക, ബക്കർവാല, നജഫ്ഗഡ്, ദ്വാരക എന്നിവയെ ബന്ധിപ്പിക്കുന്നു. ഡൽഹി-ചണ്ഡീഗഡ്, ഡൽഹി-റോഹ്തക്, സോണിപത്ത് തുടങ്ങിയ പ്രധാന റൂട്ടുകളുമായും ഹൈവേ ബന്ധിപ്പിക്കുന്നുണ്ട്. 

ഇതോടൊപ്പം, ഖേർക്കി ദൗള ടോൾ പ്ലാസ മുതൽ മഹിപാൽപൂരിലെ ശിവ് മൂർത്തി വരെ നീളുന്ന ദ്വാരക എക്‌സ്‌പ്രസ്‌വേയുടെ 29 കിലോമീറ്റർ ഡൽഹി ഭാഗവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 2024 മാർച്ചിൽ ഗുരുഗ്രാം വിഭാഗം  ഉദ്ഘാടനം ചെയ്തിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവരും പങ്കെടുക്കും. 

Leave a Reply

Your email address will not be published. Required fields are marked *