ജഗ്ദീപ് ധന്‍കര്‍ രാജിവെച്ച ഒഴിവിലേക്കുള്ള ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാൻ ബിജെപി ഉന്നതസമിതി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന നേതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. തുടര്‍ന്ന്, ചൊവ്വാഴ്ച എന്‍ഡിഎ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാണ് യോഗം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുതല്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗഹ്ലോതിന്റെ പേരുകൾ വരെ പ്രചാരത്തിലുണ്ട്.
അപ്രതീക്ഷിതമായ ഒരു പേര് പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ആര്‍എസ്എസിനുകൂടി സമ്മതനായ ഒരു സ്ഥാനാര്‍ഥിയെയായിരിക്കും പ്രഖ്യാപിക്കുക എന്നാണ് കണക്ക് കൂട്ടൽ. അന്തിമ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നിര്‍ണായകപങ്കുണ്ട്.
ഇതിനിടെ ഉപരാഷ്ട്രപതിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യസഖ്യ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം വിളിച്ചത്.
കേരളാ മുൻ ഗവർണറും ഇപ്പോഴത്തെ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ദില്ലി. ലഫ്. ഗവർണർ വി കെ സക്സേന എന്നിവരുടേ പേരുകളാണ് പ്രധാനമായും സ്ഥാനാർഥി ചർച്ചകളിൽ ഉയർന്നുവരുന്നത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് , കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരുടെ പേരുകളും സാധ്യാതാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ആർ എസ് എസ് സൈദ്ധാന്തികനായ ശേഷാദ്രി ചാരിയുടെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിലവിലം രാജ്യസഭാ ഡെപ്യൂട്ടി ചെർമാർ ഹരിവംശിനെയും നോമിനിയായി പരിഗണിക്കുന്നുണ്ട്. അടുത്ത ഉപരാഷ്ട്രപതി ബി ജെ പിയിൽ നിന്നുള്ളയാളും പാർട്ടിയുടെയും ആർ എസിഎസിന്റെയും പ്രത്യയശാസ്ത്രവുമായി അടുത്തുനിൽക്കുന്നയാളുമാവണം എന്നാണ് നേതാക്കളുടെ അഭിപ്രായം.