തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ക്രമക്കേടിൽ മാധ്യമങ്ങൾക്ക് മുന്നിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിന് പിന്നാലെ തൃശ്ശൂരിലും വ്യാപകമായി വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും താൻ കേന്ദ്രമന്ത്രിയാണെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം ശക്തൻ തമ്പുരാൻ പ്രതിമയിൽ മാലയിട്ട ശേഷമാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഉന്നയിച്ച വിഷയങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ മറുപടി പറയും. ഞാന്‍ മന്ത്രിയാണ്, അതുകൊണ്ടാണ് മറുപടി പറയാത്തത്. ഞാന്‍ എന്റെ ഉത്തരവാദിത്തം സംരക്ഷിക്കും. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചോളൂ. അതുമല്ലെങ്കിൽ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാം.” സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വോട്ടർ പട്ടിക ക്രമക്കേട് ഉന്നയിച്ചവരെ വാനരന്മാർ എന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു കേന്ദ്രമന്ത്രി. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോപണങ്ങളുമായി ഇറങ്ങിയ വാനരന്മാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കട്ടെയെന്നും ചോദ്യങ്ങൾക്ക് കമ്മീഷനാണ് മറുപടി പറയേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
ശക്തൻ തമ്പുരാന്‍റെ ആത്മാവ് ഉള്‍ക്കൊണ്ട് കൊണ്ട് പ്രവര്‍ത്തനം നടത്തുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നുവെന്നും ആ ശക്തനെ തിരിച്ചു പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തൃശ്ശൂരിലെ വ്യാജവോട്ട് വിവാദത്തില്‍ ഇത്തരം വോട്ടുകളുള്ള ബൂത്തുകളിലെ ബിഎല്‍ഒമാരുടെ രാഷ്ട്രീയം അന്വേഷിക്കുകയാണ് എല്‍ഡിഎഫ്. മിക്കയിടങ്ങളിലും ബിഎല്‍ഒമാര്‍ ബിജെപി അനുകൂല രാഷ്ട്രീയമുള്ളവരാണെന്ന് കണ്ടെത്തിയെന്നാണ് നേതാക്കള്‍ പറയുന്നത്.