പുടിന് പിന്നാലെ സെലൻസ്കിയുമായും കൂടിക്കാഴ്ചക്കൊരുങ്ങി ട്രംപ്; നിർണായക ചർച്ച നാളെ

അലാസ്കയിൽ നടന്ന വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്.  തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലൻസ്കിയും ഒന്നര മണിക്കൂർ ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് താൻ ആവർത്തിച്ചതായി സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്തു. യുക്രെയ്ൻ, യുഎസ്, റഷ്യ ത്രികക്ഷി ചർച്ച നടത്താമെന്ന ട്രംപിന്റെ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും സെലൻസ്കി അറിയിച്ചിട്ടുണ്ട്.

സുരക്ഷാ ഉറപ്പുകളിൽ അമേരിക്കയ്ക്കൊപ്പം യൂറോപ്യൻ യൂണിയനും എല്ലാ ഘട്ടത്തിലും പങ്കാളികളാകേണ്ടത് അത്യാവശ്യമാണെന്നും വ്ലാദിമർ സെലൻസ്കി ട്രംപിനെ ഓർമ്മിപ്പിച്ചു. നാറ്റോ സെക്രട്ടറി ജനറൽ അടക്കം പ്രധാന യൂറോപ്യൻ നേതാക്കളുമായി സംസാരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. താൽക്കാലിക വെടിനിർത്തലിന് പകരം നേരിട്ട് യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാറിലേക്ക് നീങ്ങാനാണ് ശ്രമമെന്നാണ് ട്രംപിന്റെ അവകാശവാദം. ഇക്കാര്യത്തിൽ നേരത്തെ അനുകൂല നിലപാടിൽ അല്ലായിരുന്ന സെലൻസ്കി ഇക്കാര്യത്തിൽ ഉദാര നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും പ്രവിശ്യ വിട്ടുകൊടുത്തുകൊണ്ടുള്ള നീക്കുപോക്കുകൾക്ക് വഴങ്ങില്ലെന്നും സെലൻസ്കി ട്രംപിനെ അറിയിച്ചിട്ടുണ്ട്.

ലോകമാകെ ഉറ്റുനോക്കിയ അലാസ്ക ഉച്ചകോടിയിൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ, താൽക്കാലിക വെടിനിർത്തലെങ്കിലും നടപ്പാക്കുന്നതിനെക്കുറിച്ചൊ ഒരു തീരുമാനവും ഉണ്ടാവാത്തത്ത് ലോക രാജ്യങ്ങൾക്കിടയിൽ ചർച്ചയായി. എന്നാൽ ചർച്ച അനുകൂലമായിരുന്നുവെന്നും തുടർ ചർച്ചകൾക്ക് സാധ്യത തുറന്നുവെന്നുമാണ് ട്രംപ് പറയുന്നത്. അടച്ചിട്ട മുറിക്കുള്ളിൽ മൂന്ന് മണിക്കൂറാണ് ട്രംപും പുടിനും ചർച്ച നടത്തിയത്. അതിന് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ രണ്ട് പേരും മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾ കേൾക്കാൻ തയ്യാറായതുമില്ല. 

നാറ്റോ സഖ്യകക്ഷികളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ഉടൻ സംസാരിക്കുമെന്നും ചർച്ചയുടെ വിശദാംശങ്ങൾ ധരിപ്പിക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. സമാധാനകരാറിന്റെ ബാധ്യത സെലൻസ്കിയുടെ ചുമലിലേക്ക് ഇറക്കിവയ്ക്കുന്ന തരത്തിലായിരുന്നു പിന്നീട് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസ്കാരിച്ചത്.  സെലൻസ്കിയെയും പുടിനെയും ഒരുമിച്ചിരുത്തി ചർച്ച നടത്താൻ ശ്രമിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയ്ക്കാണ് ഇപ്പോൾ കൂടിക്കാഴ്ചയിലൂടെ വഴിയൊരുങ്ങുന്നത്. 

നാളെ വൈറ്റ് ഹൌസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ റഷ്യ – യുക്രൈൻ യുദ്ധത്തിൽ എന്ത് നിലപാടുണ്ടാകും എന്നതിൽ വ്യക്തത വരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഡോണക്റ്റ്സ് പ്രവിശ്യ വിട്ടുകിട്ടിയാൽ മറ്റ് മേഖലകളിലെ അധിനിവേശം അവസാനിപ്പിക്കാമെന്ന് വ്ലാദിമർ പുടിൻ പറഞ്ഞിരുന്നു എന്നാൽ ഒരു തരി മണ്ണ് വിട്ടു നൽകിയിട്ടുള്ള സമാധാന നീക്കം ഉണ്ടാവില്ലെന്ന ഉറച്ച നിലപാടിലാണ് സെലൻസ്കി. രണ്ട് നേതാക്കളും നേരത്തെയുള്ള അവരവരുടെ നിലപാടിൽ ഉറച്ചു നിന്നാൽ എങ്ങനെയാണ് ഈ ചർച്ച മുന്നോട്ടു പോവുക എന്നതിൽ അവ്യക്തതയുണ്ട്. നാളെ നടക്കുന്ന  ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയ്ക്ക് ശേഷെ നടത്താൻ തീരുമാനിച്ച ത്രികക്ഷി ചർച്ചയിലേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *