കൽപ്പറ്റ: ബത്തേരി ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വെൽബിൻ മാത്യു ആണ് പിടിയിലായിരിക്കുന്നത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ടുള്ള എഗ്രിമെന്റെിൽ വെൽബിൻ മാത്യു സാക്ഷിയായി ഒപ്പുവെച്ചിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നുണ്ട്. ഹേമചന്ദ്രനോടും മറ്റു പ്രതികളോടും ഒപ്പം വെൽബിൻ കാറിൽ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പിടിയിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് വെൽബിൻ മാത്യു.
ഹേമചന്ദ്രന്റെ കാറും ബൈക്കും പോലീസ് ബത്തേരിയിൽ നിന്നും കണ്ടെടുത്തു. 2024 മാർച്ചിലാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളപ്പണ ഇടപാടുകളും വാഹനമോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിനു പിന്നിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
തമിഴ്നാട്ടിലെ ചേരമ്പാടി റിസർവ് വനത്തിൽ കുഴിച്ചിട്ടനിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ക്രൂരമായ മർദനത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം കുഴിച്ചിടു കമാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ മൊഴി.
നൗഷാദിന് പുറമെ ജ്യോതിഷ്‌കുമാർ, അജേഷ്, വൈശാഖ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് മായനാട്ടെ വാടകവീട്ടിൽ രണ്ടുവർഷത്തോളമായി താമസിക്കുകയായിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാർച്ച് 20-നാണ് കാണാതായത്. മാർച്ച് 22-ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഹേമചന്ദ്രന്റെ ഡി എൻ എ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം മന്ദഗതിയിലാണ്. പരിശോധനാഫലം വൈകുന്നുവെന്ന് ആരോപിച്ച് ഹേമചന്ദ്രന്റെ ഭാര്യ സുബിഷ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു. പരിശോധൻാഫലം വൈകുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നു.
ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ഇക്കഴിഞ്ഞ ജൂൺ 28 നാണ് പൊലീസ് ചേരമ്പാടിയിലെ വനമേഖലയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ഡി എൻ എ പരിശോധനാഫലം ലഭിച്ച ശേഷമേ ബന്ധുക്കൾക്ക് കൈമാറാനാകൂ… ഇതനുസരിച്ച് ഹേമചന്ദ്രന്റെ അമ്മയുടേയും മക്കളുടേയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് പരിശോധനയ്ക്ക് അയച്ചത്. കണ്ണൂരിലെ ഫോറൻസിക് ലാബിലാണ് പരിശോധന.
മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള മായനാട് നടപ്പാലത്തെ വാടക വീട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ഹേമചന്ദ്രനെ കാണാതായെന്ന് പറഞ്ഞ് 2024 ഏപ്രിൽ ഒന്നിനാണ് ഭാര്യ മെഡക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചിട്ട കാര്യം പൊലീസ് കണ്ടെത്തിയത്.