ആരിഫ് മുഹമ്മദ് ഖാൻ മുതൽ ആർഎസ്എസ് സൈദ്ധാന്തികൻ വരെ പട്ടികയിൽ; അടുത്ത ഉപരാഷ്ട്രപതി ഇവരിൽ ആര്?

പരാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ അന്തിമമാക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരാണ് സാധ്യത പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌രത്, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓം മാത്തൂർ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സാധ്യത പട്ടികയിലുണ്ടെന്നാണ് വിവരം. സെപ്റ്റംബർ ഒൻപതിനാണ് തിരഞ്ഞെടുപ്പ് നടക്കുക.

ആർ‌.എസ്‌.എസ് സൈദ്ധാന്തികനായ ശേഷാദ്രി ചാരിയും ഉപരാഷ്ട്രപതി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നതാണ് കൗതുകം. സ്വാതന്ത്യദിനത്തിൽ ആർ.എസ്.എസിനെ പുകഴ്ത്തിയുള്ള മോദിയുടെ പ്രസം​ഗത്തിന് പിന്നാലെ ആർ.എസ്.എസ് സൈദ്ധാന്തികനെ കൂടി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കി മത്സരിക്കാൻ ഒരുങ്ങുന്നതോടെ രാഷ്ട്രീയവിവാദത്തിനു വീണ്ടും തുടക്കം കുറിക്കും. വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിലവിലെ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിനെയും തൽസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അടുത്ത ഉപരാഷ്ട്രപതി തങ്ങളുടെ പാർട്ടിയിൽ നിന്നായിരിക്കുമെന്നും പാർട്ടിയുടെയും ആർ‌എസ്‌എസിന്റെയും പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരാളായിരിക്കും ആ ആസ്ഥാനം അലങ്കരിക്കുക എന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണർമാരും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.ആരോഗ്യപരമായ അവശതകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ജൂലൈ 21 ന് ജഗ്ദീപ് ധൻഖർ അപ്രതീക്ഷിതമായി രാജിവച്ചത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കാലാവധി 2027 ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് ധൻഖറിന്റെ രാജി പ്രഖ്യാപനവുമുണ്ടായത്. സർക്കാരിനെ അറിയിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തതാണ് ധൻഖറിന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നെന്ന് വിലയിരുത്തൽ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്‌മെന്റിൽ സർക്കാരിന്റെ നിലപാടിനോട് യോജിക്കാൻ ധൻഖർ വിസമ്മതിച്ചതാണ് രാജിക്ക് പിന്നിലെന്നും വാർത്തകകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *