തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് ചെറുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും നടന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയിരുന്നു. കരിയോയിൽ പ്രയോഗം നടത്തുകയും പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമവും നടത്തിയിരുന്നു. ഇതോടെ സംഘർഷവുമായി. സി.പി.എമ്മിന് മറുപടിയുമായി ബി.ജെ.പി നടത്തിയ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് മാർച്ചും പിന്നാലെ സംഘർഷത്തിൽ കലാശിച്ചു.
വോട്ടർ പട്ടികയിൽ തിരിമറി ആരോപിച്ചാണ് സി.പി.എമ്മും കോൺഗ്രസും സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയത്. 30 ലധികം കള്ളവോട്ടുകൾ നടത്തിയെന്നും കുടുംബത്തിന്റെ പോലും വോട്ട് ഇത്തരത്തിൽ തൃശൂരിൽ തിരുകിക്കയറ്റിയെന്നും കോൺഗ്രസും ആരോപിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബത്തിനും കൊല്ലത്തുള്ള വോട്ട് തൃശൂരിലേക്ക് ചേർത്തെന്നും ഇത് വ്യാജ വോട്ടണാനെന്നും സി.പി.എം ആരോപണം ഉന്നയിക്കുന്നത്.
വ്യാജ വോട്ട് ആരോപണത്തിൽ കൊച്ചിയിലും വയനാട്ടിലും കള്ളവോട്ടുകൾ നടന്നെന്ന മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി. തൃശൂരിൽ അറുപതിനായിരം കള്ളവോട്ടുകൾ നടന്നെന്ന വാദത്തെ എതിർത്ത് കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഉന്നയിച്ച കള്ളവോട്ട് ആരോപണത്തിന്റെ ചുവടുപിടിച്ച് ഏറ്റവും കൂടുതൽ വിമർശനും ഉയർന്നത് കേരളത്തിലെ ഏക ബി.ജെ.പി എം.പി സുരേഷ് ഗോപിക്കെതിരെയായിരുന്നു.