ദുബായ്: യുദ്ധവും ദാരിദ്ര്യവും വേട്ടയാടുന്ന പലസ്തീനിലെ, മിസൈലുകളുടെയും വെടിക്കോപ്പുകളുടെയും കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടയിൽ നിന്നും ലോകവേദിയിലേക്ക് ഒരു സ്ത്രീശബ്ദം ഉയരുകയാണ്. ചരിത്ര ദൗത്യവുമായി പലസ്തീൻ സുന്ദരി നദീൻ അയൂബ് വിശ്വസുന്ദരിപ്പട്ടത്തിനായി മത്സരിക്കും. മിസ് യൂണിവേഴ്സ് 2025 വേദിയില്‍ പലസ്തീനെ പ്രതിനിധീകരിച്ചാണ് നദീൻ മത്സരിക്കുന്നത്. നവംബര്‍ 21ന് തായ്ലന്ഡിലാണ് മത്സരം നടക്കുക.
വിശ്വസുന്ദരി മത്സരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പലസ്തീനെ പ്രതിനിധീകരിച്ച് ഒരു യുവതി മത്സരിക്കാനെത്തുന്നത്. ദുബായ് യിൽ താമസിക്കുന്ന പലസ്തീന് സ്വദേശിനിയായ നദീന്‍ അയൂബ് 2022ലാണ് പലസ്തീനിലെ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയത്. സൈക്കോളജി വിദ്യാര്‍ത്ഥി കൂടിയാണ് നദീന്‍. ഒരു സൈക്കോളജി വിദ്യാർത്ഥി എന്ന നിലയിൽ നദീൻ, ഗാസയിലെ തകർന്ന മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചും സംഘർഷങ്ങൾക്കിടയിൽ വളരുന്ന കുട്ടികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവബോധം വളർത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്.
പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്വപ്നങ്ങളുടെയും സ്വരമായി തായ്ലൻഡിലെ മത്സരവേദിയിൽ താനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നദീൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘ലോകം മുഴുവനും എന്റെ ജന്മനാട്ടിലേക്കു നോക്കുകയാണ്. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ വലിയ ഉത്തരവാദിത്തങ്ങളാണ് ഞാനേറ്റെടുക്കുന്നത്. ഇത് വെറുമൊരു ടൈറ്റില്‍ അല്ല, പലസ്തീന് വേണ്ടി സംസാരിക്കാനുള്ള വേദിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികള്‍ക്കും വേണ്ടി’ – നദീൻ പറയുന്നു.
മിസ്സ് യൂണിവേഴ്സിലെ പങ്കാളിത്തത്തിലൂടെ, പലസ്തീൻ സ്ത്രീകളുടെ കഴിവുകൾ, സ്വപ്നങ്ങൾ, പ്രതിരോധശേഷി എന്നിവയിലേക്ക് ശ്രദ്ധ കൊണ്ടുവരിക എന്നതാണ് നദീന്റെ ലക്ഷ്യം. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അപൂർവ്വമായി എത്തുന്ന ഈ അവഗണിക്കപ്പെട്ട കഥകൾ പങ്കുവെക്കുന്നതിലാണ് അവരുടെ സംരംഭമായ
സൈദത്ത് പലസ്തീൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2022 ൽ മിസ് പാലസ്തീൻ കിരീടം നേടിയതോടെയാണ് നദീൻ ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ആ വർഷം, മിസ് എർത്ത് മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ പലസ്തീൻ പ്രതിനിധിയായി അവർ ചരിത്രം സൃഷ്ടിച്ചു, അവിടെ അവർ മികച്ച അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീനിൽ നിന്നുള്ള ആദ്യ പ്രതിനിധി എന്ന നിലയിൽ, അവരുടെ പങ്കാളിത്തം രാജ്യമെമ്പാടുമുള്ള പെൺകുട്ടികളെ പ്രചോദിപ്പിക്കുകയും അന്താരാഷ്ട്ര വേദികളിൽ പ്രാതിനിധ്യത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.