തൃശൂർ ദേശീയപാതയിൽ 15 മണിക്കൂർ നീണ്ട ​ഗതാ​ഗത കുരുക്ക്; രോ​ഗികൾ ഉൾപ്പടെ കുടുങ്ങി

തൃശൂർ: അറ്റകുറ്റപണി നടക്കുന്ന തൃശൂർ ദേശീയപാതയിൽ 15 മണിക്കൂർ നീണ്ട ​ഗതാ​ഗത കുരുക്ക്. ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. പ്രതിഷേധിച്ച് നാട്ടുകാരും രം​ഗത്തെത്തിയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ താണ്ടണമെങ്കിൽ രണ്ടര മണിക്കൂർ കാത്തിരിക്കേണ്ട ​ഗതികേടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ​ഗതാ​ഗത കുരുക്ക് തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി.

ഇന്നലെ രാത്രിയോടെ അടിപ്പാത നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ തടിലോറി കുടുങ്ങിയിരുന്നു. കുഴിയിൽ ലോറി വീണാണ് അപകടം സംഭവിച്ചത്. ലോറിയിലെ തടികൾ റോഡിലേക്ക് വീണതോടെ ​ഗതാ​ഗത കുരുക്ക് മുറുകുകയായിരുന്നു. തടിക്കഷ്ണങ്ങൾ മാറ്റാൻ പൊലീസും അ​ഗ്നിരക്ഷാ സേനയും ശ്രമിച്ചെങ്കിലും ​ഗതാ​ഗത കുരുക്കിന് ശാശ്വതമായ പരിഹരം കണ്ടില്ല. അപകടത്തിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു. ആശുപത്രിയിൽ പോകേണ്ടവരും വിമാനത്താവളത്തിലേക്കുള്ളവരും മരണാനന്തര ചടങ്ങുകളിൽ എത്തേണ്ടവരും ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *