ഒരിക്കൽ ദർശനം നടത്തിയാൽ  പിന്നെ പുനർജന്മമില്ലത്ത കൈലാസനാഥർ ക്ഷേത്രം  

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു സ്ഥലം ആണ്  ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന  തമിഴ് നാട്ടിലെ കാഞ്ചിപുരം. സിറ്റി ഓഫ് ടെമ്പി ൾസ് എന്ന് കൂടി അറിയപ്പെടുന്ന കാഞ്ചിപുരത്ത് നിരവധി ക്ഷേത്രങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.  ചെന്നൈയിൽ നിന്ന് 70 കിലോ മീറ്റർ ദൂരമാണ് കാഞ്ചിപുരത്തേക്ക്. 

ഓരോ ക്ഷേത്രത്തിനും വ്യത്യസ്തമായ കഥകൾ പറയാൻ ഉണ്ടാകും. തലയെടുപ്പോടെ നിൽക്കുന്ന വാസ്തു വിദ്യ അത്ഭുതങ്ങൾ ഉണ്ട്. തമിഴ് നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്‌  കാഞ്ചി പുരത്തുള്ള കൈലാസനാഥർ ക്ഷേത്രം. കാഞ്ചിപുരത്തെ മൂന്ന് കാഞ്ചികളിൽ ഒന്നായ ശിവ കാഞ്ചിയാണ് കൈലാസ നാഥ ക്ഷേത്രം. മറ്റു രണ്ടെണ്ണം  വിഷ്ണു കാഞ്ചിയും, ജൈൻ കാഞ്ചിയും ആണ്. 

കാഞ്ചിപുരത്തിന്റെ  പടിഞ്ഞാറൻ അതിർത്തിയിൽ വേദവതി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊത്തുപണികൾ നിറഞ്ഞ കല്ലിൽ തീർത്ത വിസ്മയമാണ് ഈ ക്ഷേത്രം. എന്ത് സംഭവിച്ചാലും വൈകുന്നേരം 6.30 ന് നടയടയ്ക്കുന്ന ഈ ക്ഷേത്രം  സന്ദർശിച്ചാൽ പിന്നീട് പുനർജ്ജന്മം ഇല്ലാ എന്നൊരു വിശ്വാസമുണ്ട്.  

ഏകദേശം 1400 ഓളം വർഷം പഴക്കമുള്ള ക്ഷേത്രം ആർക്കിയൊളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷണയിൽ ആണ്. എട്ടാം നൂറ്റാണ്ടിൽ പല്ലവ രാജവംശത്തിലെ നരസിംഹ വർമൻ രണ്ടാമനാണു ക്ഷേത്രം നിർമ്മിച്ചത്.  പൂർണതയോടെ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്.  അക്കാലത്തു ക്ഷേത്ര നിർമ്മാണ രീതിയിൽ ഒരു ട്രെൻഡ് തന്നെ ഉണ്ടാക്കിയെടുത്ത ക്ഷേത്രമായാണ് കൈലാസ നാഥർ ക്ഷേത്രം അറിയപ്പെടുന്നത്.

ചതുരകൃതിയിലാണ്  ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന ശ്രീ കോവിലിന്  ചുറ്റും 9 ശ്രീകോവിലുകൾ കൂടി ഉണ്ട്. ഓരോന്നിലും ശിവന്റെ വ്യത്യസ്ത രൂപങ്ങളെയാണ് പ്രതിഷ്ഠിച്ചി രിക്കുന്നത്. നെടുകെ വരകൾ ഉള്ള 16 വശങ്ങൾ, രണ്ടര മീറ്റർ ഉയരമുള്ള കറുത്ത ഗ്രാനൈറ്റ്  ശിലയിലാണ് പ്രാധന ശിവ ലിംഗം നിർമ്മിച്ചിരിക്കുന്നത്. അതി സൂക്ഷ്മമായി കൊത്തിയെടുത്ത ശില്പങ്ങൾക്ക് പേര് കേട്ടതാണ് ഈ ക്ഷേത്രം. ശിവന്റെ 64 വ്യത്യസ്ത രൂപങ്ങളുണ്ട്. അപകട സമയങ്ങളിൽ ഒളിക്കാനും രക്ഷപെടാനുമൊക്കെ ഈ ക്ഷേത്രം പണ്ട് ഉപയോഗിച്ചിട്ടുണ്ട്.  

ക്ഷേത്രം വലം വെക്കുന്നതിലും ചില രീതികൾ ഉണ്ട്‌. പ്രധാന ശ്രീകോവിലിനും വലതു ഭാഗത്തുള്ള ചെറിയൊരു വാതിലിനുള്ളിലൂടെ കുനിഞ്ഞു അകത്തു കയറി  പിന്നെ നടന്നു വലം വെച്ച് ഇടതു ഭാഗത്തൂടെ കുനിഞ്ഞു പുറത്തേക്ക് ഇറങ്ങണം. ശൈശവം, യൗവനം, വാർദ്ധക്യം എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. കാഞ്ചീപുരത്തെ കാഴ്ചകൾ അവസാനിക്കുന്നില്ല. ഭക്തിയും ഐതിഹ്യവും ശില്പഭംഗിയും കൊണ്ട് യാത്രികരെ വിസ്മയിപ്പിക്കുന്ന അനേകം ആരാധനാലയങ്ങൾ കാഞ്ചി പുരത്ത് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *