കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. ചരിത്രമെഴുതി സംഘടനയുടെ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. നേരത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശ്വേതാമേനോനും ദേവനും തമ്മിലാണ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്. ആറുപേർ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിരുന്നെങ്കിലും നാലുപേർ പത്രിക പിൻവലിച്ചു. രവീന്ദ്രനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനെതിരെ മത്സരിച്ചത്. ഇത്തവണ നാല് സുപ്രധാന സ്ഥാനങ്ങളിലും സ്ത്രീകളാണെന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയില്ല. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു.