മെസി ഡിസംബറിൽ ഇന്ത്യയിലെത്തും, കേരളത്തിലേക്കില്ല; സന്ദർശിക്കുക ഈ നഗരങ്ങൾ

ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനം ഈ വർഷം അവസാനം. ഡിസംബറിൽ ഇന്ത്യയിലെത്തുന്ന മെസി മൂന്ന് വിവിധ ഫുട്ബോൾ പരിപാടികളിൽ പങ്കെടുക്കും. നേരത്തെ, മെസി കേരളത്തിലേക്കും എത്തുമെന്ന് കായിക മന്ത്രി വി അബ്ദു റഹിമാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാകില്ലെന്ന് ഏകദേശം സ്ഥിരീകരണമായി. മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കൊൽക്കത്ത, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും മെസി സന്ദർശനം നടത്തുക. 

ഔദ്യോഗിക മത്സരങ്ങളൊന്നും ആസൂത്രണം ചെയ്തിട്ടില്ലെങ്കിലും, സ്റ്റേഡിയത്തിലെ പ്രകടനങ്ങൾ, ആരാധകരുമായുള്ള സംവേദനാത്മക സെഷനുകൾ, കുട്ടികളുടെ ഫുട്ബോൾ ക്ലിനിക് എന്നിവയുൾപ്പെടെ വിവിധ ഫുട്ബോൾ കേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മെസി പങ്കെടുക്കും. ഇന്ത്യയുടെ വളർന്നുവരുന്ന ഫുട്ബോൾ സംസ്കാരത്തിന്റെ ആഘോഷമായും, കായികരംഗത്തെ ഏറ്റവും പ്രതിഭാധനനായ വ്യക്തിയുമായി ഇടപഴകാനുള്ള ഒരു അപൂർവ അവസരമായുമാണ് മെസിയുടെ ഇന്ത്യ സന്ദർശനത്തെ കാണുന്നത്. 

സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും പ്രധാന മുൻഗണനകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ തോതിലുള്ള ഇവന്റ് മാനേജ്‌മെന്റിൽ ഇന്ത്യ അടുത്തിടെ നേരിടുന്ന ബുദ്ധിമുട്ടുകളും അമിതമായ ജനപങ്കാളിത്തത്തിനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ, എല്ലാ വേദികളിലേക്കും ടിക്കറ്റ് വെച്ചുള്ള പ്രവേശനമായിരിക്കും അനുവദിക്കുക. വലിയ ജനകൂട്ടത്തെ ഉൾക്കൊള്ളാനും നിയന്ത്രിക്കാനും സാധിക്കുന്ന വേദികളാകും ഇതിനായി തിരഞ്ഞെടുക്കുക. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അനിഷ്ട സംഭവങ്ങൾകൂടി കണക്കിലെടുത്തായിരിക്കും സജ്ജീകരണങ്ങൾ. 

നേരത്തെ ഈ വർഷം ഒക്ടോബർ 25ന് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്നും നവംബർ രണ്ട് വരെ അർജന്റീന ടീം കേരളത്തിൽ തുടരുമെന്നും കായിക മന്ത്രി വി അബ്ദു റഹിമാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സമയം അർജന്റീന കളിക്കാൻ പോകുന്നത് ചൈനയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. അര്‍ജന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും അതോടൊപ്പം ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കുമെന്നുമായിരുന്നു കായിക മന്ത്രിയുടെ പ്രഖ്യാപനം.

എന്നാൽ, മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് ഇതു വരെയും ഔദ്യോഗികമായി ആരും അറിയിച്ചട്ടില്ലെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. പണം നല്കിയിട്ടുണ്ടെങ്കിൽ തിരിച്ചു പിടിക്കാനുള്ള എല്ലാ വഴികളും നോക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മെസ്സിയെ കേരളത്തിലെത്തിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അർജന്റീനയുമായി ധാരണയിലെത്തിയത്. 2025 ഒക്ടോബർ / നവംബർ മാസത്തിൽ മെസിയുടെ കേരളത്തിലേക്കുള്ള വരവ് ഉണ്ടാകും എന്ന് എല്ലാ ഉറപ്പും ലഭിച്ചിരുന്നുവെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയതാണ്. 

Leave a Reply

Your email address will not be published. Required fields are marked *