ഡ്രാഗൺ ഫ്രൂട്ട് ഒരു സൂപ്പർഫ്രൂട്ട് എന്ന നിലയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ, മഗ്നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണവ. ദഹനം, പ്രതിരോധശേഷി, ചർമ്മാരോഗ്യം എന്നിവയ്ക്ക് ഗുണകരമാണെന്നതുകൊണ്ടാണ് പല ആരോഗ്യപ്രേമികളും ഡ്രാഗൺ ഫ്രൂട്ട് തിരഞ്ഞെടുക്കുന്നത്. ഈ ഗുണങ്ങൾ ഉണ്ടെങ്കിലും, അവയുടെ അമിതമായ ഉപഭോഗം പാർശ്വഫലങ്ങൾക്ക് കാരണമാകും. ഡ്രാഗൺ ഫ്രൂട്ട് അമിതമായി കഴിച്ചാലുള്ള 6 ദോഷവശങ്ങളെക്കുറിച്ച് അറിയാം.
- ദഹന പ്രശ്നങ്ങൾ
ഡ്രാഗൺ ഫ്രൂട്ടിൽ നാരുകൾ കൂടുതലാണ്, ഇത് ദഹനത്തെ സഹായിക്കുന്നു, പക്ഷേ അമിതമായി കഴിച്ചാൽ വയറു കമ്പിക്കൽ, ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ഒരേസമയം ധാരാളം ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വയറിൽ അസ്വസ്ഥത ഉണ്ടാക്കും. ക്രമേണ ഉപഭോഗം വർധിപ്പിക്കുന്നതാണ് നല്ലത്.
- അലർജി
ചില വ്യക്തികൾക്ക് ഡ്രാഗൺ ഫ്രൂട്ടിനോട് അലർജി ഉണ്ടാവാം. ചിലർക്ക് അവ കഴിക്കുമ്പോൾ നാവിൽ വീക്കം, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചേക്കാം.
- രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ
ഡ്രാഗൺ ഫ്രൂട്ടിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്; അമിതമായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. ഡ്രാഗൺ ഫ്രൂട്ടിന് ഗ്ലൈസെമിക് സൂചിക കുറവാണെങ്കിലും, വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, അതിനാൽ പ്രമേഹമുള്ളവർ ചെറിയ അളവിൽ കഴിക്കണം.
- മരുന്നുകളുമായുള്ള ഇടപെടലുകൾ
നിങ്ങൾ പതിവായി മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, പ്രത്യേകിച്ച് ഹൃദയം അല്ലെങ്കിൽ കൊളസ്ട്രോൾ പ്രശ്നങ്ങൾക്ക്, എല്ലാ ദിവസവും വലിയ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.
- മൂത്രത്തിലോ മലത്തിലോ ഉള്ള മാറ്റങ്ങൾ
ചുവന്ന ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിൽ താൽക്കാലിക മാറ്റങ്ങൾക്ക് കാരണമാകും. പഴത്തിലെ സ്വാഭാവിക പിഗ്മെന്റുകൾ മൂലമാണ് ഇത് സംഭവിക്കുന്നത്.
- ദഹനസംബന്ധമായ അസ്വസ്ഥതകൾ
വെറും വയറ്റിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുമ്പോൾ ചിലർക്ക് ഓക്കാനം അല്ലെങ്കിൽ വയറുവേദന അനുഭവപ്പെടാം. രാവിലെ ഒറ്റയ്ക്ക് കഴിക്കുന്നതിനുപകരം മറ്റ് ഭക്ഷണങ്ങൾക്കൊപ്പം ഡ്രാഗൺ ഫ്രൂട്ട് കഴിക്കുക.