മുംബൈ: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ശുഭകരമായ മറ്റൊരു വിശേഷമാണ് കാൽപന്ത് ആരാധകർക്കായി കാത്തിരിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് എത്താനും പന്ത് തട്ടാനും സാധ്യത. എഎഫ്സി ചാംപ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബായ എഫ്സി ഗോവയുടെ അതേ ഗ്രൂപ്പിലാണ് റൊണാൾഡോയുടെ അൽ നാസറും ഇടംപിടിച്ചിരിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഹോം, എവേ ക്രമത്തിൽ രണ്ട് മത്സരങ്ങളാണ് ഒരു ടീമിനെതിരെയുള്ളത്. ഇതോടെ അൽ നാസർ ഇന്ത്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ തീരുമാനമായി. എന്നാൽ റൊണാൾഡോ ഇവിടെ കളിക്കുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നുമായിട്ടില്ല. ക്ലബ്ബുമായുള്ള കരാർ അനുസരിച്ച് എവേ മത്സരങ്ങളിൽ പങ്കെടുക്കണമെന്നില്ല. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നാസർ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടു നില്‍ക്കുന്നതിന് തടസമില്ല.
എന്നാൽ കരാർ പുതുക്കിയ സാഹചര്യത്തിൽ താരം ടീമിനൊപ്പം ഇന്ത്യയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.