പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറിന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ വിവാദം. മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിൽ ജവഹൽലാൽ നെഹ്രുവിന്റെയോ ഇന്ദിരാഗാന്ധിയുടേയോ ചിത്രമില്ല.
ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിമര്‍ശനം ശക്തമാക്കുകയാണ്. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വകുപ്പ് കൈകാര്യ ചെയ്യുന്നവര്‍ മറുപടി പറയണം എന്ന ആവശ്യവും ശക്തമായി.
രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും നല്ല പ്രവൃത്തികളിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അതിന്റെ അഭിവൃദ്ധി കൈവരിക്കുന്നതാണ് എന്ന് നമുക്ക് ഓർമ്മിക്കാം എന്ന ക്യാപ്ഷനോട് കൂടിയാണ് മന്ത്രാലയം ചിത്രം ട്വിറ്റർ പേജിൽ പങ്കുവെച്ചത്. ഹർദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി പെട്രോളിയം സഹമന്ത്രിയാണ്.
ആർ എസ് എസിനിനെ ലോകത്തെ ഏറ്റവും വലിയ എൻ ജി എ എന്ന് വിശേഷിപ്പിച്ച പ്രസംഗമാണ് രാവിലെ മോദി ചെങ്കോട്ടയിൽ നടത്തിയത്. നൂറ് വർഷത്തെ സന്നദ്ധ പ്രവർത്തനത്തിന് മോദി നന്ദിപറയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കൂടാതെ ഭരഘടനാ നിർമിതിയുടെ കാര്യത്തിൽ ഡോ. ബി ആർ അംബേദ്കറിനൊപ്പം സർവേപ്പള്ളി രാധാകൃഷ്ണനേയും ദാക്ഷായണി വേലായുധനേയും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.
ഗാന്ധിജിയുടെ ഘാതകനെന്ന ലേബലിലുള്ള ഒരാൾ ഗാന്ധിജിയ്ക്ക് മുകളിൽ പോസ്റ്ററിൽ ഇടം പിടിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരി കൊളുത്തിയത്. കോൺഗ്രസ് ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് എറെക്കുറെ ഉറപ്പായി.