ന്യൂയോർക്ക്: ആഗോള രാജ്യങ്ങളും ഭരണാധികാരികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ചകളിലൊന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ളത്. തീരുവ പരിഷ്കാരങ്ങൾ പോലെ തന്നെ യുക്രൈനുമായുള്ള പ്രശ്നവും ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചർച്ച വിഷയമാകും. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. യുക്രൈൻ പൂർണ്ണമായി കൈവശപ്പെടുത്താൻ പുടിൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അത് നടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച അലസ്കയിലെ യുഎസ് സൈനിക കേന്ദ്രത്തിലാണ് ഇരുവരുമായുള്ള ചർച്ച നടക്കുന്നത്. യുക്രൈനിൽ സമാധാനം കൊണ്ടുവരിക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അതേസമയം, യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയെകൂടി ചർച്ചയുടെ ഭാഗമാക്കണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ പുടിൻ തള്ളിയിരുന്നു. 2018 ന് ശേഷം ആദ്യമായിട്ടാണ് ട്രംപ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇരു നേതാക്കളും സമാധാനം ഉണ്ടാക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
‘ഞാൻ പ്രസിഡറ് അല്ലെങ്കിൽ, അദ്ദേഹം യുക്രൈൻ മുഴുവൻ കൈവശപ്പെടുത്തുമായിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു യുദ്ധമാണിത്. എൻ്റെ അഭിപ്രായത്തിൽ, ഞാൻ പ്രസിഡൻ്റായിരുന്നില്ലെങ്കിൽ, അദ്ദേഹം മുഴുവൻ യുക്രൈനും ഏറ്റെടുക്കാൻ കൂടുതൽ ഇഷ്ടപ്പെടും. പക്ഷേ ഞാൻ പ്രസിഡൻ്റാണ്, അദ്ദേഹം എന്നെ കുഴപ്പത്തിലാക്കാൻ പോകുന്നില്ല’ ട്രംപ് പറഞ്ഞു.
ഇന്ത്യടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ചടക്കം നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്ക് പിഴ തീരുവ ചുമത്തിയത് റഷ്യയെ സ്വാധീനിച്ചെന്നും വ്ലാടിമിർ പുടിനെ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. രണ്ടാമത്തെ വലിയ ഉപഭോക്താവിനെ നഷ്ടപ്പെടുമെന്ന ആശങ്ക റഷ്യയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ വാദം.