മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി പിടിച്ചടക്കാൻ ഏഥർ എനർജി ലിമിറ്റഡ് പുതിയ സൗകര്യങ്ങൾ നടപ്പിലാക്കുന്നു. അവരുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരു പുതിയ ബാറ്ററി ആസ് സർവീസ് (BaaS) സംരംഭവുമായിട്ടാണ് ഇത്തവണ ഏഥർ എത്തിയിരിക്കുന്നത്. ഈ സേവനം അവരുടെ സ്‍കൂട്ടറുകൾ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കും. പുതിയ ബാറ്ററി പ്രോഗ്രാം ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് ബാറ്ററിക്ക് മുൻകൂർ പണം നൽകാതെ തന്നെ ഏഥർ സ്‍കൂട്ടറുകൾ വാങ്ങാം. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള പ്ലാനുകൾ പ്രതിമാസ ബാറ്ററി ഉപയോഗ പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കണം. അതിന്റെ വില കിലോമീറ്ററിന് ഒരു രൂപയിൽ തുടങ്ങും. കുറഞ്ഞത് 1,000 കിലോമീറ്റർ/മാസം എന്ന നിരക്കിൽ 48 മാസത്തെ പാക്കേജിനെ അടിസ്ഥാനമാക്കി ആണിത്.
പുതിയ പദ്ധതി പ്രകാരം ഏഥർ റിസ്റ്റയുടെ പ്രാരംഭ വില 75,999 രൂപയായും ഏഥർ 450 സീരീസിന്റെ പ്രാരംഭ വില 84,341 രൂപയായും കുറയ്ക്കാൻ സാധിക്കുന്നു. ഇത് സ്റ്റാൻഡേർഡ് വിലയേക്കാൾ 30% വരെ കുറവാണ്. ഇന്ത്യയിലുടനീളമുള്ള 3,300-ലധികം ഏഥർ ഫാസ്റ്റ് ചാർജറുകളിൽ ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ ഫാസ്റ്റ് ചാർജിംഗും ലഭിക്കും. ഈ വർഷം ആദ്യം ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ച ഏഥറിന്റെ അഷ്വേർഡ് ബൈബാക്ക് പ്രോഗ്രാം ഇപ്പോൾ സ്കൂട്ടറിന്റെ മൂല്യത്തിന്റെ 60 ശതമാനം വരെയും സഞ്ചരിച്ച ദൂരത്തെ ആശ്രയിച്ച് നാല് വർഷത്തിന് ശേഷം 50 ശതമാനം വരെയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
2013-ൽ സ്ഥാപിതമായ ഏഥർ എനർജി നിലവിൽ രണ്ട് പ്രധാന വാഹനങ്ങളാണ് നിരത്തിലെത്തിക്കുന്നത്. റൈഡർമാർക്കായി ഏഥർ 450 സീരീസ്, കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി ഏഥർ റിസ്റ്റ എന്നിവയാണ് ആ മോഡലുകൾ. ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലായി 4,000-ത്തിലധികം ചാർജറുകൾ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് ശൃംഖലയായ ഏഥർ ഗ്രിഡും കമ്പനി പ്രവർത്തിപ്പിക്കുന്നു.
വിപുലീകരിച്ച ബൈബാക്ക് പ്രോഗ്രാ, മെച്ചപ്പെടുത്തിയ വാറന്റി കവറേജ് എന്നിവ അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യൻ കുടുംബങ്ങൾക്ക് ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം കൂടുതൽ ആകർഷകവും താങ്ങാനാവുന്നതും സുരക്ഷിതവുമാക്കുക എന്നതാണ് ഏഥറിന്റെ ലക്ഷ്യം
ഏഥർ റിസ്റ്റ
റിവേഴ്‌സ് മോഡാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് സ്‍കൂട്ടർ പിന്നോട്ടെടുക്കാൻ എളുപ്പമാക്കുന്നു. സ്‍കൂട്ടറിന്റെ ടയറുകൾ സ്‍കിഡ് കൺട്രോൾ അനുസരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ ആന്റി-തെഫ്റ്റ് ഫീച്ചറും ഉണ്ട്. ഫോണിന്റെ സഹായത്തോടെ പാർക്കിംഗ് ഏരിയയിൽ സ്കൂട്ടർ കണ്ടെത്താൻ കഴിയും. വീഴ്ചയിൽ നിന്നും സംരക്ഷിക്കുന്ന സുരക്ഷാ ഫീച്ചറും ഈ സ്‍കൂട്ടറിൽ ഉണ്ട്. അതായത്, സ്‍കൂട്ടർ ഓടിക്കൊണ്ടിരിക്കുമ്പോൾ വീണാൽ, അതിന്റെ മോട്ടോർ സ്വയം നിലയ്ക്കും. ഗൂഗിൾ മാപ്പ് ഇതിൽ ലഭ്യമാണ് എന്നതാണ് പ്രത്യേകത. കോൾ, മ്യൂസിക് കൺട്രോൾ, പുഷ് നാവിഗേഷൻ, ഓട്ടോ റിപ്ലൈ എസ്എംഎസ് തുടങ്ങിയ സവിശേഷതകളും ഇതിൽ നൽകിയിട്ടുണ്ട്. സീറ്റിനടിയിലെ സംഭരണശേഷി, റിസ്റ്റയിൽ പ്രത്യേകിച്ച് 34 ലിറ്റർ ശേഷിയുണ്ട്.
2.9 kWh ബാറ്ററിയും 3.7 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഏഥർ റിസ്റ്റയിൽ ലഭിക്കുന്നു. ചെറിയ ബാറ്ററി പായ്ക്കിന്റെ റേഞ്ച് 123 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്കിന്റെ റേഞ്ച് 160 കിലോമീറ്ററുമാണ്. എല്ലാ വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. 2.9 kWh ബാറ്ററി പാക്കിന്റെ ചാർജിംഗ് സമയം 6.40 മണിക്കൂറാണ്. അതേസമയം, 3.7 kWh ബാറ്ററി പാക്കിന്റെ ചാർജിംഗ് സമയം 4.30 മണിക്കൂർ മാത്രമാണ്. റിസ്റ്റ ഏഴ് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. നാല് ഡ്യുവൽ ടോൺ നിറങ്ങളും 3 സിംഗിൾ ടോൺ നിറങ്ങളും ലഭിക്കും. ബാറ്ററിക്കും സ്‍കൂട്ടറിനും കമ്പനി മൂന്ന് വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറന്റിയും നൽകുന്നു. അതിന്റെ മൂന്ന് വേരിയന്റുകളുടെയും എക്സ്-ഷോറൂം വില 109,999 രൂപ, 124,999 രൂപ, 144,999 രൂപ എന്നിങ്ങനെയാണ്.
സ്കൂട്ടറുകളും ഘടകങ്ങളും കർശനമായി പരിശോധിക്കുന്ന “ജഗ്ഗർനോട്ട്” എന്ന പരീക്ഷണ സൗകര്യവും ഏഥറിനുണ്ട്. തങ്ങളുടെ സ്കൂട്ടറുകളിൽ പുതിയ ബാറ്ററി സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നതിൽ ഏഥർ സജീവമായി പ്രവർത്തിക്കുന്നു എന്ന കാര്യം എടുത്തുപറയേണ്ടതാണ്. തങ്ങളുടെ ഉപഭോക്താവിന്റെ ദൈനംദിന യാത്രയെ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ഒരു യാത്രയാക്കി മാറ്റാനുള്ള കഠിന ശ്രമത്തിലാണ് ഏഥർ.