രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നത്.
എല്‍സിയുവിലേക്ക് ‘ബെന്‍സ്’, പക്ഷേ സംവിധാനം ലോകേഷ് അല്ല
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്കുള്ള (എല്‍സിയു) നാലാമത്തെ സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാകും ഇനി ലോകേഷ് കനകരാജ്. രാഘവ ലോറന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബെന്‍സ്’ ആണ് ചിത്രം. എന്നാല്‍ എല്‍സിയുവിടെ ആദ്യ മൂന്ന് സിനിമകളായ കൈതി, വിക്രം, ലിയോ എന്നിവയില്‍ നിന്ന് ‘ബെന്‍സി’നു ഒരു വ്യത്യാസമുണ്ട്. ലോകേഷ് കനകരാജ് അല്ല സംവിധാനം ! ലോകേഷിന്റെ കഥയില്‍ ബക്കിയരാജ് കണ്ണനാണ് ‘ബെന്‍സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയുടെ റിലീസിനു ശേഷമായിരിക്കും ലോകേഷ് അടുത്ത പ്രൊജക്ടിലേക്ക് കടക്കുക.
ആമിര്‍ ഖാനൊപ്പം സൂപ്പര്‍ ഹീറോ മൂവി
‘കൂലി’യില്‍ കാമിയോ വേഷത്തിലെത്തിയ സൂപ്പര്‍താരം ആമിര്‍ ഖാനെ നായകനാക്കിയുള്ള ലോകേഷ് കനകരാജ് ചിത്രം 2026 ല്‍ ആരംഭിക്കും. താനും ലോകേഷും ഒന്നിച്ച് ഒരു സൂപ്പര്‍ ഹീറോ ചിത്രം ചെയ്യാന്‍ പോകുകയാണെന്ന് ആമിര്‍ ഖാന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. 2026 പകുതിക്ക് ശേഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കരാറില്‍ ഇരുവരും ഒപ്പുവെച്ചിട്ടുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകും.
കൈതി 2
എല്‍സിയുവിന് തുടക്കം കുറിച്ച കൈതിക്ക് രണ്ടാം ഭാഗമൊരുക്കാനും ലോകേഷ് ആലോചിക്കുന്നുണ്ട്. പഴയൊരു അഭിമുഖത്തില്‍ കൈതി 2 വിനു വേണ്ടിയുള്ള തിരക്കഥ 30-35 പേജുകള്‍ പൂര്‍ത്തിയാക്കിയതായി ലോകേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
വിക്രം 2, റോളക്‌സ് ?
വിജയ് ചിത്രം ‘ലിയോ’യ്ക്കു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ലോകേഷ് ഉറപ്പുപറയുന്നില്ല. എന്നാല്‍ വിക്രം 2 ചെയ്യാന്‍ പദ്ധതികളുണ്ടെന്നാണ് വിവരം. വിക്രം 2 ആയിരിക്കും എല്‍സിയുവിലെ അവസാന സിനിമ. ഒരുപക്ഷേ വിക്രത്തില്‍ കാമിയോ ചെയ്ത സൂര്യയുടെ ‘റോളക്‌സ്’ എന്ന കഥാപാത്രത്തിന്റെ സ്പിന്‍ഓഫ് ചിത്രം ചെയ്തതിനു ശേഷമായിരിക്കും വിക്രം 2 വിനെ കുറിച്ച് ആലോചിക്കുക. വിക്രം ചെയ്യുന്ന സമയത്ത് തന്നെ ‘റോളക്‌സ്’ ചെയ്യാന്‍ ലോകേഷ് ആഗ്രഹിച്ചിരുന്നു. രജനികാന്ത്, വിജയ്, കമല്‍ഹാസന്‍, കാര്‍ത്തി എന്നിവര്‍ക്കൊപ്പം മുഴുനീള സിനിമ ചെയ്ത ലോകേഷിനു സൂര്യക്കൊപ്പം ‘റോളക്‌സ്’ ചെയ്യാന്‍ താല്‍പര്യമുണ്ട്.