ഇന്ത്യയുടെ അയൺ ഡോം; മിഷൻ സുധര്‍ശന ചക്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ വിപുലപ്പെടുത്തുന്നതും അടുത്ത തലത്തിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് “മിഷൻ സുധര്‍ശന ചക്ര” എന്ന പുതിയ പ്രതിരോധ സംവിധാനത്തിന്റെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ വിപുലപ്പെടുത്തുന്നതിനും അതിർത്തികളിലും പ്രധാന കേന്ദ്രങ്ങളിലും ഉണ്ടാകുന്ന ഭീഷണികളെ നേരിടുന്നതിനുമാണ് മിഷൻ സുധർശന ചക്ര. ഇസ്രയേലിന്റെ പ്രസിദ്ധമായ അയൺ ഡോം പ്രതിരോധ സംവിധാനത്തിന് സമാനമാണ് ഇന്ത്യയുടെ സുധർശന ചക്രം. 

“സുധര്‍ശന ചക്ര” പദ്ധതി വിവിധ തലങ്ങളിലുള്ള ആക്രമണങ്ങളെ തടയാൻ കഴിവുള്ള മൾട്ടി-ലെയർഡ് വ്യോമ പ്രതിരോധ സംവിധാനമായിരിക്കും. ഭാവിയിൽ ആഭ്യന്തര സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ ഇത് വികസിപ്പിക്കുകയും, സൈനിക-സിവിൽ മേഖലയിലെ പ്രധാന സ്ഥാപനങ്ങളെയും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെയും സംരക്ഷിക്കുകയും ചെയ്യും. ഭീഷണി തിരിച്ചറിയൽ, നിരീക്ഷണം, വേഗത്തിലുള്ള പ്രത്യാക്രമണം തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടും.

അതേസമയം, ആണവ ഭീഷണി മുഴക്കി ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്ന് പാക്കിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെക്കാലമായി ആണവ ഭീഷണി മുഴക്കുന്നുണ്ട്. ഇനി അത് അനുവദിക്കില്ല. ശത്രുക്കൾ ഭീഷണി തുടർന്നാൽ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും. ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും ഇന്ത്യ വേർതിരിച്ചു കാണില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. 

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മുഴുവൻ രാജ്യവും രോഷാകുലരാണെന്നും ഓപ്പറേഷൻ സിന്ദൂർ ആ രോഷത്തിന്റെ പ്രകടനമാണ്. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ഒരുപോലെ തന്നെ കാണും. അയൽരാജ്യത്ത് നിന്ന് ഭാവിയിൽ എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ ശിക്ഷ സംബന്ധിച്ച് ഇന്ത്യൻ സായുധ സേന കടുത്ത തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സായുധ സേന ചെയ്തത് വർഷങ്ങളായി രാജ്യം കാണാത്തതാണ്. അതിർത്തി കടന്നുള്ള ഭീകരത കൈകാര്യം ചെയ്യുന്നതിൽ നമ്മൾ ഒരു പുതിയ നിലയിലേക്ക് കടന്നിരിക്കുന്നു. എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഉചിതമായ മറുപടി നൽകുന്നതിനായി സൈന്യം സമയം തിരഞ്ഞെടുത്തു. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാരെ അഭിവാദ്യം ചെയ്യാൻ എനിക്ക് അവസരം ലഭിക്കുന്നതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. നമ്മുടെ ധീരരായ ജവാൻമാർ ശത്രുവിനെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിച്ചു,” മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *