2026 നിയമസഭാ തിരഞ്ഞെടുപ്പിനായി പദ്ധതികള്‍ രൂപീകരിച്ച് തൃശൂരിലെ സിപിഐ. തൃശൂര്‍ ജില്ലയില്‍ അഞ്ച് സീറ്റുകളാണ് സിപിഐയ്ക്കുള്ളത്. തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍. 2026 ല്‍ ഈ സീറ്റുകളില്‍ സിപിഐ തന്നെ മത്സരിക്കും. സിപിഎമ്മുമായി ഈ സീറ്റുകളൊന്നും വെച്ചുമാറാന്‍ സാധ്യതയില്ല.
ഒല്ലൂര്‍ ഉറപ്പിച്ച് രാജന്‍
ഒല്ലൂരില്‍ സിറ്റിങ് എംഎല്‍എയും രണ്ടാം പിണറായി സര്‍ക്കാരിലെ റവന്യു മന്ത്രിയുമായ കെ.രാജന്‍ വീണ്ടും മത്സരിക്കും. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാകുകയാണെങ്കിലും രാജനെ ഒരു തവണ കൂടി മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചു. 2016 ല്‍ 13,248 ആയിരുന്ന ഭൂരിപക്ഷം 2021 ലേക്ക് എത്തിയപ്പോള്‍ 21,506 ആയി ഉയര്‍ത്താന്‍ രാജനു സാധിച്ചിരുന്നു. മണ്ഡലത്തിലെ ജനപ്രീതി, സംഘാടനശേഷി എന്നിവ കണക്കിലെടുത്ത് രാജനു ഒരു അവസരം കൂടി നല്‍കാനാണ് തൃശൂരിലെ ഇടതുമുന്നണിയുടെയും തീരുമാനം.
ത്രികോണ പോരിന് തൃശൂരില്‍ ആര്?
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തൃശൂര്‍. വാശിയേറിയ പോരാട്ടത്തില്‍ സിപിഐയുടെ പി.ബാലചന്ദ്രന്‍ 946 വോട്ടുകള്‍ക്കാണ് കടന്നുകൂടിയത്. ബാലചന്ദ്രനു രണ്ടാം ഊഴം നല്‍കാന്‍ സിപിഐയിലും തൃശൂരിലെ ഇടതുമുന്നണി നേതൃത്വത്തിനും താല്‍പര്യക്കുറവുണ്ട്. അതിനാല്‍ തൃശൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയായിരിക്കും സിപിഐക്കായി മത്സരിക്കുക.
തൃശൂരിലെ മുന്‍ എംഎല്‍എ കൂടിയായ വി.എസ്.സുനില്‍കുമാറിനു നേരിയ സാധ്യതയുണ്ട്. എന്നാല്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കൂടിയായ കെ.പി.രാജേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. സുനില്‍ കുമാര്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നതിനാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിയമസഭയിലേക്ക് രാജേന്ദ്രന്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത.
മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ തുടരും
കൊടുങ്ങല്ലൂര്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ വി.ആര്‍.സുനില്‍ കുമാര്‍, ഇ.ടി.ടൈസണ്‍ എന്നിവര്‍ തുടരും. 2021 ല്‍ 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കയ്പമംഗലത്ത് ഇ.ടി.ടൈസണ്‍ ജയിച്ചത്. കൊടുങ്ങല്ലൂരില്‍ 23,893 വോട്ടുകളുടെ ഭൂരിപക്ഷം വി.ആര്‍.സുനില്‍ കുമാറിനു ഉണ്ടായിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാര്‍ തുടരുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലാത്ത മണ്ഡലങ്ങളാണെന്ന് പാര്‍ട്ടി വിലയിരുത്തി.
നാട്ടികയില്‍ സി.സി.മുകുന്ദന്‍ ആണ് എംഎല്‍എ. 28,431 വോട്ടുകള്‍ക്കാണ് 2021 ല്‍ മുകുന്ദന്റെ ജയം. മണ്ഡലത്തില്‍ ജനകീയനും എംഎല്‍എ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവുമാണ്. എന്നാല്‍ ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സി.സി.മുകുന്ദന്‍ ഇത്തവണ മാറിനില്‍ക്കാന്‍ സാധ്യതയുണ്ട്. അതേസമയം മത്സരിക്കാന്‍ മുകുന്ദന്‍ തയ്യാറാണെങ്കില്‍ പാര്‍ട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ തുടരാന്‍ അവസരം നല്‍കും.