ത്രിവർണ്ണ പതാകയണിഞ്ഞ് ബസ്തർ; 14 ഗ്രാമങ്ങളിൽ ആദ്യമായി സ്വാതന്ത്ര്യ ദിനാഘോഷ പ്രഖ്യാപനം

ബസ്തർ: കലാപഭൂമി എന്ന നിലയില്‍ വികസനവഴികള്‍ അടഞ്ഞ് ഏകദേശം അരനൂറ്റാണ്ടായി ഒറ്റപ്പെട്ടുകിടക്കുന്ന ബസ്തറിന് ഇത്തവണത്തെ ഓഗസ്റ്റ് 15 ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും. ആദ്യമായി, ഇപ്രാവശ്യം നക്സൽ ബാധിത ബസ്തറിലെ 14 ഗ്രാമങ്ങളിൽ ത്രിവർണ്ണ പതാക ഉയരും. ഒരുകാലത്ത് ഭയത്തിന്റെ മേഖലകളായിരുന്ന പ്രദേശം ഇന്ന് ദേശീയ ആഘോഷങ്ങൾക്കായി സന്തോഷത്തോടെയും ആവേശത്തോടെയും ഒരുങ്ങുകയാണ്. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അഭ്യസിക്കുന്നു, മുതിർന്നവർ മൈതാനം ഒരുക്കാൻ സഹായിക്കുന്നു, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ആത്മാവിൽ ബസ്തർ ഒത്തുചേരുകയാണ്.

1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിനുശേഷം, ആദ്യമായിട്ടാണ്, ഛത്തീസ്ഗഡിലെ നക്സൽ ബാധിത ബസ്തർ മേഖലയിലെ പതിനാല് ഗ്രാമങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷ പ്രഖ്യാപനം നാട്ടുകാരെയും ഗ്രാമവാസികളെയും ആവേശഭരിതരാക്കി എന്ന് തദ്ദേശവാസികൾ പറയുന്നു.

ഒരുകാലത്ത് കലാപം നിലനിന്നിരുന്ന ഗ്രാമങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഗ്രാമങ്ങൾക്ക് സമീപം ക്യാമ്പുകൾ സ്ഥാപിക്കപ്പെട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബിജാപൂർ ജില്ലയിലെ ഗുഞ്ചേപാർട്ടി, പൂജാരികാങ്കർ, ഭീമാരം, കോർച്ചോളി, കോട്പള്ളി ഗ്രാമങ്ങൾ, നാരായൺപൂർ ജില്ലയിലെ കുതുൽ, ബെഡ്മകോട്ടി, പദംകോട്ട്, കണ്ട്ലുനാർ, നെലാങ്കൂർ, പാംഗൂർ, റെയ്‌നാർ, സുക്മയിലെ ഉസ്‌കായ, നുൽകതോങ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ത്രിവർണ്ണ പതാക ഉയർത്തും.

കൂടാതെ, ഈ മൂന്ന് ജില്ലകളിലെ മറ്റ് 15 ഗ്രാമങ്ങളിലും ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്നും, ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ ഗ്രാമങ്ങൾക്ക് സമീപം പുതിയ ക്യാമ്പുകൾ സ്ഥാപിച്ചത് നക്സലൈറ്റുകളെ പുറകോട്ടു വലിയാണ് പ്രേരിപ്പിച്ചു എന്ന് പോലീസ് പറയുന്നു. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ നക്സലുകൾ കരിങ്കൊടി ഉയർത്തുന്ന സംഭവങ്ങൾ കുറയ്ക്കാനും ഇതുവഴി സാധിച്ചു എന്നും പോലീസ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആദിവാസിമേഖലയാണ് ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന ബസ്തര്‍ ഡിവിഷന്‍. മുൻപ് മദ്ധ്യപ്രദേശിലായിരുന്ന ഈ സ്ഥലം 2000 ലെ വിഭജനത്തെ തുടര്‍ന്ന് ഛത്തിസ്ഗഢിന്റെ ഭാഗമായി. ബസ്തര്‍ ഡിവിഷനിലെ ഓരോ ജില്ലയും ഐതിഹാസികമായും നരവംശശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഏറെ സവിശേഷതകളും പ്രാധാന്യവും നിറഞ്ഞതാണ്. ബസ്തര്‍ ഡിവിഷന്‍ ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പില്‍ ആഴത്തില്‍ അടയാളപ്പെട്ട ‘ചുവന്ന ഇടനാഴി’ അഥവാ ‘റെഡ്കോറിഡോര്‍’ എന്നാണറിയപ്പെടുന്നത്.

സ്വാതന്ത്ര്യാനന്തരം ബസ്തറിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആദ്യം തിരിഞ്ഞത് 1958ല്‍ ബംഗ്ലാദേശ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുമ്പോഴാണ്. പിന്നീട് ബല്ലാഡില മലനിരകളിലെ കനത്ത ഇരുമ്പയിര്‍നിക്ഷേപം കണ്ടെത്തിയപ്പോഴും ബസ്തർ മുഖ്യധാരയിൽ ചർച്ചാവിഷയമായി.

ബസ്തർ റേഞ്ചിലുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ പ്രത്യേക സേനകളും സംസ്ഥാന പോലീസിന്റെ എല്ലാ വിഭാഗങ്ങളും കേന്ദ്ര സായുധ പോലീസ് സേനയും അവരുടെ മേഖലയിൽ തുടർച്ചയായി പട്രോളിംഗും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

റായ്പൂരിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ രാവിലെ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ദേശീയ പതാക ഉയർത്തുകയും വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മറ്റ് മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *