രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ? എന്തു ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടാറുണ്ടോ?. എങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി എല്ലാ ദിവസവും ജീരകം ചേർത്ത പാൽ കുടിക്കുക. ചൂടുള്ള പാൽ ഉറങ്ങുന്നതിനു മുൻപായി കുടിക്കുന്നത് വളരെക്കാലമായി പ്രചാരത്തിലുണ്ടെങ്കിലും, അതിൽ ജീരകം ചേർക്കുന്നത് അത്ര സുപരിചിതമല്ല. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ദഹനം, ഉറക്കം, സമ്മർദ ആശ്വാസം എന്നിവ നൽകുന്നുണ്ട്.
ജീരകം അല്ലെങ്കിൽ ജീരക പൊടി ചേർത്ത ചൂടുള്ള പാൽ ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിന്റെയും ചില ഭാഗങ്ങളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. ഇത് ദഹനം, ഉറക്കം നൽകുക തുടങ്ങിയ ഗുണങ്ങളാൽ ആരോഗ്യ പ്രേമികൾക്കിടയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. ജീരകം ചേർത്ത പാൽ കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. ഇത് വയറുവേദന കുറയ്ക്കാനും, ദഹനക്കേട് മാറ്റാനും സഹായിക്കും. കൂടാതെ, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു.
ജീരകം ചേർത്ത പാലിലിന് ഉറക്കം മെച്ചപ്പെടുത്താൻ കഴിയുമോ?
ജീരകത്തിൽ ഉറക്ക-ഉണർവ് ചക്രത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ട തൈമോക്വിനോൺ എന്ന സംയുക്തവും ഇതിലുണ്ട്. പാലിൽ ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്ക നിയന്ത്രണത്തിന് നിർണായകമായ സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു അമിനോ ആസിഡ് ആണ്. ജീരകവും പാലും ഒരുമിച്ച് ചേർക്കുമ്പോൾ, ശാന്തവും ഉറക്കത്തിന് അനുകൂലവുമായ ഒരു മിശ്രിതമായി മാറുന്നു.
ജീരക പാൽ എങ്ങനെ വീട്ടിൽ തയ്യാറാക്കാം
1 കപ്പ് പാലിൽ അര മുതൽ 1 ടീസ്പൂൺ വരെ ജീരകോ ജീരക പൊടിയോ ചേർത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് വച്ച് 5-10 മിനിറ്റ് നേരം കൂടി തിളപ്പിക്കുക. മധുരത്തിന് ആവശ്യമെങ്കിൽ തേനോ ശർക്കരയോ ചേർക്കാവുന്നതാണ്. കിടക്കുന്നതിന് 30 മിനിറ്റ് മുൻപായി കിടക്കുക.
ആരോഗ്യ ഗുണങ്ങൾ
ദഹനത്തിന്: ജീരകം ദഹനത്തെ സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ഇത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ: ജീരകത്തിൽ നാരുകൾ ധാരാളമുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ: ജീരകത്തിൽ ആന്‍റി ഓക്സിഡന്റുകൾ ധാരാളമുണ്ട്, ഇത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ജീരകം കൂടുതൽ അളവിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, പാൽ കുടിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.