കുവൈത്ത് വിഷ മദ്യ ദുരന്തത്തിൽ മരണസംഖ്യ 13 ആയതായി റിപ്പോർട്ട്. മലയാളികളടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു. ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് നാലിലാണ് അനധികൃത മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അതേസമയം മദ്യനിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരും പ്രവാസികളാണെന്നാണ് റിപ്പോർട്ടുകൾ.
വിഷ മദ്യം കഴിച്ച 31 പേർ വെന്റിലേറ്ററിൽ തുടരുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നതായും 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. 63 പേരാണ് ചികിത്സ തേടിയത് . മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ഇവർ ഏത് രാജ്യത്ത് നിന്നുള്ള പൗരന്മാരാണെന്ന വിശദമായ വിവരം ഇതുവരെ പുറത്തു വിട്ടട്ടില്ല.
വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ആശുപത്രികൾ സന്ദർശിച്ചിരുന്നു.
ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവരാണ് അപകടത്തിൽപെട്ടത്. അഹമ്മദി ഗവർണറേറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം കുവൈത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്നായി പ്രാദേശിക വ്യാജമദ്യ നിർമ്മിതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പരിശോധനയിൽ മദ്യത്തിൽ നിന്ന് വിഷബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1965 മുതൽ സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈറ്റ്.









