കൊച്ചി: കോതമംഗലത്ത് 23 വയസുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെതിരെ കൂടുതൽ തെളിവുകൾ. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന.
ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യും. . പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്.
കേസിൽ റമീസിന്റെ പിതാവ് റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. ഇരുവരും ഒളിവിലാണ്. റമീസ് അറസ്റ്റിലായതിന് പിന്നാലെ ഇവർ വീട് പൂട്ടി പോയതായാണ് വിവരം. യുവതിയുടെ സുഹൃത്ത് സഹദിനേയും പ്രതി ചേർത്തിട്ടുണ്ട്. യുവതിയെ റമീസ് മർദ്ദിക്കുന്നത് കണ്ടിട്ടും സഹദ് തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.
അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്.