വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്; വിദ്യാർത്ഥി സംഘടനകൾ നേർക്കുനേർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വിഭജന ഭീതി ദിനാചരണം നടത്തണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ ആഹ്വാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളെജുകളിൽ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പരിപാടി സാമുദായിക സൗഹാർദം തകർക്കുന്നതിനും സാമുദായിക സ്പർധ വളർത്തുന്നതിനും കാരണമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു. ഇതോടെ ആശയകുഴപ്പത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ കോളെജുകൾ. 

വിഭജന ഭീതി ദിനം ആചരിക്കണമെന്ന്‌ കാണിച്ച്‌ വൈസ് ചാൻസലർമാർക്ക് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കർ കത്ത് നൽകിയിട്ടുണ്ട്. ഓരോ ക്യാമ്പസിലും എന്തൊക്കെ പരിപാടികൾ നടത്തി എന്നടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നും കത്തിലുണ്ട്. പല വിസിമാരും രജിസ്റ്റർമാർക്ക് കത്ത് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ പരിപാടി നടത്തിയാൽ തടയാനാണ് എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും  തീരുമാനം. 

വിഭജന ഭീതി ദിനാചരണം എവിടെ നടത്തിയാലും നേരിടുമെന്നാണ് എസ്എഫ്‌ഐ നിലപാട്. തടയാന്‍ കോളേജ് യുണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരള സര്‍വ്വകലാശാലയില്‍ പരിപാടി നടത്താന്‍ വൈസ് ചാന്‍സലര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ നടക്കില്ലെ.ന്ന നിലപാടിലാണ് എസ്.എഫ്.ഐ. അതിനിടെ കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ചു. പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.സര്‍വ്വകലാശാലയില്‍ ഇന്ന് മുഴുവന്‍ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനം.

രാഷ്ട്രപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗവർണർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശിച്ചതു പ്രകാരമാണ് ‘വിഭജന ഭീതി ദിനം’ ആചരിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദിനാചരണത്തിന് നിർദ്ദേശിച്ച് ജൂൺ 23ന് ഗവർണറുടെ സെക്രട്ടറിക്കയച്ച കത്ത് രാജ്ഭവൻ സർവകലാശാലകൾക്ക് കൈമാറി. ദിനാചരണം ഗവർണറുടെ സ്വന്തം തീരുമാനപ്രകാരമല്ലെന്നും കേന്ദ്ര സർക്കുലർ ജൂലയ് 11ന് വി.സിമാർക്ക് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രാജ്ഭവൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *