സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; കാരണം കാണിക്കൽ നോട്ടീസിന് ഡോ. ഹാരിസിന്റെ മറുപടി

തിരുവനന്തപുരം: ഉപകരണ ക്ഷാമമടക്കമുള്ള തിരുവനന്തപുരം മെഡിക്കൽ കോളെജിലെ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങൾക്ക് ആരോഗ്യ വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയുമായി ഡോ. ഹാരിസ്. നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച ഉപകരണ ക്ഷാമം അധികാരികളെ അറിയിച്ചിരുന്നുവെന്നും മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും മറുപടിയിൽ വ്യക്തമാക്കി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചട്ടില്ലെന്നും മറുപടി കത്തിൽ ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. 

നേരത്തെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഡോ. ഹാരിസ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസിന്റെ സമയപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് തന്റെ ആരോപണങ്ങൾ അന്വേഷിച്ച സമിതി റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ച ശേഷം മറുപടി നൽകാമെന്ന നിലപാടിൽ ഡോ.ഹാരിസ് എത്തിയത്. ഇതിന് മറ്റൊരാൾ മുഖേനയാണ് അപേക്ഷ നൽകിയത്.

അതേസമയം, സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി ഡോ. ഹാരിസ് രംഗത്തെത്തിയിരുന്നു. ഹപ്രവർത്തകരിൽ ചിലർ തന്നെ കുടുക്കാനും പിന്നിൽ നിന്ന് കുത്താനും ശ്രമിച്ചെന്ന് യൂറോളജി വിഭാഗം തലവൻ ഡോ. സി.എച്ച് ഹാരിസ് പറയുന്നു. തന്നെ മരണത്തിലേക്ക് വരെ എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു കാലം അവർക്കു മാപ്പു നൽകട്ടേയെന്നുമാണ് കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിൽ ഡോ. ഹാരിസ് കുറിച്ചത്. 

സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ.ഹാരിസ് സന്ദേശത്തിൽ ആരോപിച്ചു. ഇതേ ആരോപണം പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഡോ. ഹാരിസ് നടത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിലെ വെളിപ്പെടുത്തലിന് പിന്നാലെ ഗ്രൂപ്പിൽ നിന്ന് ചില ആളുകളെ മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചിട്ടുണ്ട്. ഡിഎംഇയെയും പ്രിൻസിപ്പലിനെയും സൂപ്രണ്ടിനേയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കാൻ തീരുമാനം. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *