ന്യൂഡൽഹി: വോട്ട് ക്രമക്കേട് നടന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശരി വയ്ക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. വോട്ടർ പട്ടികയിൽ ബിഹാറിലെ വോട്ടറുടെ പ്രായം 124 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്തെത്തിയിരുന്നു. ബിഹാറിലെ സിവാൻ ജില്ലാ കളക്ടറായ ആദിത്യ പ്രകാശാണ് വിശദീകരണം നൽകിയത്. 35 വയസുകാരിയായ മിൻത ദേവിയുടെ വയസ്സ് 124 എന്നാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടിക തയ്യാറാക്കിയ സമയത്ത് സംഭവിച്ച പിഴവാണെന്നും ഇത് വാർത്തയാവും മുമ്പ് പരിഹരിച്ചിരുന്നു എന്നും കളക്ടർ പറഞ്ഞു.
ജനിച്ച വർഷമായി ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1990 ആണ്. എന്നാൽ കരട് വോട്ടർ പട്ടികയിൽ വർഷം 1900 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ ശരിയായി പൂരിപ്പിച്ചു നൽകിയതാണെന്നും തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നും മിൻത ദേവി പറഞ്ഞു.
ഓഗസ്റ്റ് ഏഴിന് രാഹുൽ ഗാന്ധി നടത്തിയ വാർത്ത സമ്മേളനത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി വിശദീകരിച്ചിരുന്നു. വോട്ട് ചോരി എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുൽ വാർത്ത സമ്മേളനം നടത്തിയത്. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും യൂണിയൻ ഗവൺമെൻറിനെതിരെയും വലിയ വിമർശനങ്ങൾ ഉയരുന്നിരുന്നു.
മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ വോട്ടർ പട്ടികയിൽ ചേർത്തവരെക്കാൾ കൂടുതൽ ആളുകളെ അഞ്ചുമാസം കൊണ്ട് ചേർത്തിരുന്നു എന്നും ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ടെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചിരുന്നു എന്നും രാഹുൽ കൂട്ടിചേർത്തു.