ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ താരിഫ് പരിഷ്കാരങ്ങൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ന്യൂ യോർക്കിൽ നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയായിരിക്കില്ലായെങ്കിലും നിലവിലെ വ്യാപാര അസ്വരസ്യങ്ങൾക്ക് തടയിടാനുള്ള ശ്രമങ്ങൾ ഇരു നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപര തർക്കങ്ങൾ ഉടലെടുത്തതിന് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്. എന്നാൽ സന്ദർശനവും കൂടിക്കാഴ്ചയും സംബന്ധിച്ച സ്ഥിരീകരണമൊന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായിട്ടില്ല. ഓഗസ്റ്റ് അവസാന വരാത്തോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
താരിഫ് പരിഷ്കാരങ്ങളുടെ ഭാഗമായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് അമേരിക്ക ആദ്യം നിശ്ചയിച്ചത്. പിന്നാലെ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്ന് ചൂണ്ടികാട്ടി 25 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലയെന്നതായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചെങ്കിലും തീരുവയിൽ മാറ്റമില്ലാതെ തുടരുകയാണ്. തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎൻ പൊതുസമ്മേളനത്തിലെ പങ്കെടുക്കലിനെയും ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നിലവിലത്തെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ മോദി എന്ത് നിലപാട് സ്വീകരിക്കുമെന്നും എങ്ങനെ പ്രതികരിക്കുമെന്നും കാത്തിരിക്കുകയാണ് മറ്റ് രാഷ്ട്രങ്ങളും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ, ഉക്രെനിയൻ പ്രസിഡന്റ് സെലൻസ്കി എന്നിവരുമായി ഇതിനോടകം തന്നെ മോദി സംസാരിച്ചു കഴിഞ്ഞു.
ഐക്യ രാഷ്ട്രസഭയുടെ 80മാത് പൊതുസമ്മേളനം സെപ്റ്റംബർ 9 മുതൽ 23 വരെയുള്ള ദിവസങ്ങളിലാണ് നടക്കുന്നത്. ഉന്നത തല പൊതു സംവാദങ്ങൾ സെപ്റ്റംബർ 23 മുതൽ 27 വരെയും നടക്കും. 193 രാഷ്ട്ര നേതാക്കന്മാർ ചർച്ചകളുടെ ഭാഗമാകും. കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളിലും യുഎൻ പൊതുസമ്മേളനത്തിലെ ചർച്ചകളും നിലപാടുകളും നിർണായകമാകും.